ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ( ഐഐടി) ബിരുദ കോഴ്‌സുകളിൽ വിദ്യാർത്ഥിനികളുടെ എൻറോൾമെന്റ് 2016ൽ 8 ശതമാനത്തിൽ നിന്ന് 2021ൽ 20 ശതമാനമായി ഉയർന്നതായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഒഇ) കണക്കുകൾ വ്യക്തമാക്കുന്നു. STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ പറഞ്ഞു.
“ഐഐടികളിലെ ബിരുദ പ്രോഗ്രാമുകളിലെ സ്ത്രീ പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി, സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു, ഇത് 2016 ൽ 8 ശതമാനത്തിൽ നിന്ന് 2021-22 ൽ 20 ആയി ഉയർത്തി. അതുപോലെ, എൻഐടികളിലെ പെൺകുട്ടികളുടെ പ്രവേശനം 2021 ൽ ഏകദേശം 22.1 ശതമാനമായി വർദ്ധിച്ചു,” അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രോത്സാഹനം നൽകുന്നതിനായി പ്രത്യേക ബിരുദാനന്തര സ്കോളർഷിപ്പുകൾ നൽകുന്നു. അതുപോലെ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും സാങ്കേതിക വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾക്ക് 10,000 രൂപ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.
ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (എഐഎസ്എച്ച്ഇ) റിപ്പോർട്ട് പ്രകാരം, 2016-17ൽ 41.97 ലക്ഷത്തിൽ നിന്ന് 2020-21ൽ 43.87 ലക്ഷമായി STEM കോഴ്സുകളിൽ ചേർന്ന വിദ്യാർത്ഥിനികളുടെ എണ്ണം വർദ്ധിച്ചു.