ഇടുക്കി: രണ്ടുമാസം മുമ്പ് നീലക്കുറിഞ്ഞി പൂത്തുലഞ്ഞ കള്ളിപ്പാറ എൻജിനീയർമെട്ടില് വീണ്ടും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു. ഒക്ടോബർ ഏഴ് മുതൽ ഒന്നര മാസത്തോളം ലക്ഷക്കണക്കിന് സന്ദർശകർ എത്തിയ എൻജിനീയർമെട്ടില് നിന്ന് കഴിഞ്ഞ മാസം ശാന്തൻപാറ പഞ്ചായത്ത് ഹരിത കർമ സേന 3 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞിട്ടും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
ഇവരിൽ പലരും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ മാലിന്യ പ്രശ്നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എൻജിനീയർമെറ്റിലേക്കുള്ള സന്ദർശന നിയന്ത്രണം മാറ്റിയതോടെ ഇവിടെ വീണ്ടും മാലിന്യം ഉണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് അറിയിച്ചു. ഉടൻ തന്നെ ഇവ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ലിജു വർഗീസ് പറഞ്ഞു.
നീലക്കുറിഞ്ഞിപ്പൂക്കൾ കൊഴിഞ്ഞെങ്കിലും മലനിരകളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.