തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു. വഴയില പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധു എന്ന 50കാരിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകൻ കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. . ഇടയ്ക്കിടെ അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. കിളിമാനൂർ ജംക്‌ഷനു സമീപം സർബത്ത് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു.
കഴിഞ്ഞ ഒരു മാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം എന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ വഴയിലയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രകോപിതനായ രാജേഷ് സിന്ധുവിനെ അക്രമിക്കുകയുമായിരുന്നു. രാജേഷ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സിന്ധുവിനെ വെട്ടുകയായിരുന്നു.
സിന്ധുവിന് കഴുത്തിനാണ് വെട്ടേറ്റത്. മാരകമായി മുറിവേറ്റ സിന്ധുവിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ പേരൂർക്കട പോലീസെത്തി കസ്റ്റഡിയിലെടുത്തു. സിന്ധുവുമായുള്ള വഴക്ക് കാരണം രാജേഷിന്റെ കൈവശം എപ്പോഴും വെട്ടുകത്തിയുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. പേരൂർക്കട പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.