കൊച്ചി: ബഫര്‍സോണ്‍ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് കൃഷിഭൂമി കൈയേറിയുള്ള വനവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഒരുക്കിയ ചതിക്കുഴിയാണെന്ന് ഇന്‍ഫാം ദേശീയ സമിതി ആരോപിച്ചു.
വന്യജീവി സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനാതിര്‍ത്തികളില്‍ നിന്നും ഒരു കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളിലുള്ള ജനങ്ങളെ ഒന്നടങ്കം കുടിയിറക്കി ജനവാസമേഖലയും കൃഷിയിടങ്ങളും കൈയേറി വനമാക്കി മാറ്റുവാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാകുന്നു. ജനദ്രോഹം നിറഞ്ഞ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് രഹസ്യമായി വെച്ചിരുന്നതിന്റെ കാരണം ഇപ്പോള്‍ പൊതുസമൂഹത്തിന് ബോധ്യമായി. അവ്യക്തതകള്‍ ഏറെയുള്ളതും പ്രദേശവാസികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് ഒരു ഉന്നതസമിതിയിലും സര്‍ക്കാര്‍ സമര്‍പ്പിക്കരുത്.
സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധസമിതി നിര്‍ദിഷ്ഠപ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നിജസ്ഥിതി മനസിലാക്കാതെ ഒളിച്ചുകളിക്കുന്നു. വനംവകുപ്പിന്റെ താല്പര്യം സംരക്ഷിക്കുന്ന ഉപകരണം മാത്രമായി വിദഗ്ദ്ധസമിതി ഒരിക്കലും തരംതാഴരുത്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ സീറോ ബഫര്‍സോണ്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഉപഗ്രഹ സര്‍വ്വേ വിശദാംശങ്ങള്‍ പഞ്ചായത്തുകളില്‍ വീട്ടുനമ്പര്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നും ഇന്‍ഫാം ദേശീയസമിതി ആവശ്യപ്പെട്ടു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയസമിതി ഇന്‍ഫാം രക്ഷാധികാരി മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫാ.ജോസ് കാവനാടി, സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ.വി.സി.സെബാസ്റ്റിയന്‍, ദേശീയ സംസ്ഥാന ഭാരവാഹികളായ ജോസ് എടപ്പാട്ട്, ഫാ.ജോസഫ് ചെറുകരക്കുന്നേല്‍, ഫാ.ജോസ് തറപ്പേല്‍, ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ഡോ.ചാക്കോ കേളംപറമ്പില്‍, ഫാ.ജോസ് പെണ്ണാംപറമ്പില്‍, ജോസഫ് കാര്യാങ്കല്‍, സ്‌കറിയ നെല്ലംകുഴി, മാത്യു മാമ്പറമ്പില്‍, ഫാ.ജോബി ജോര്‍ജ്, അഗസ്റ്റിന്‍ പി.പി., നെല്‍സണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.