ലണ്ടന്‍: യുകെയില്‍ മലയാളി നഴ്സ് അഞ്ജു അശോകനും അവരുടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും കൊല ചെയ്യപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കു ശേഷം, അഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു. അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ഒരു “ക്രൂരനായ” മനുഷ്യനാണെന്നും അയാൾ മുമ്പും അഞ്ജുവിനെ ആക്രമിച്ചിട്ടുണ്ടെന്നും ശനിയാഴ്ച അഞ്ജുവിന്റെ കുടുംബം ആരോപിച്ചു.
മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അഞ്ജുവിന്റെ കുടുംബം ലണ്ടനിലെ ഹൈക്കമ്മിഷണർക്ക് കത്തയച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും മകളെയും പേരക്കുട്ടികളെയും അവസാനമായി ഒന്നു കാണാനും ഏകദേശം 30 ലക്ഷം രൂപ ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും തേടിയിട്ടുണ്ട്.
അതിനിടെ, അഞ്ജുവിന്റെ പിതാവ് അശോകൻ വൈക്കം പൊലീസിൽ സാജുവിനെതിരെ പരാതി നൽകി. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്ന സ്വഭാവമായിരുന്നു സാജുവിനെന്നും മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കാണിച്ചാണ് പരാതി നൽകിയത്.
വ്യാഴാഴ്ചയാണ് കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ മേഖലയിലെ കെറ്ററിംഗിലെ വീട്ടിൽ നഴ്‌സ് – 40 കാരിയായ അഞ്ജു അശോകിനെയും അവരുടെ മക്കളായ 6 വയസ്സുള്ള ആൺകുട്ടിയെയും 4 വയസ്സുള്ള പെൺകുട്ടിയെയും ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്. അഞ്ജു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും കുട്ടികൾ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയതെന്നും പോലീസ് പറഞ്ഞു.
കോട്ടയം ജില്ലയിലെ വൈക്കത്തുള്ള അഞ്ജുവിന്റെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ, മകളുടെ പോസ്റ്റ്‌മോർട്ടം പ്രകാരം തുണിയോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വൈക്കം പോലീസ് കഴിഞ്ഞ ദിവസം രാത്രി അറിയിച്ചതായി അഞ്ജുവിന്റെ മാതാപിതാക്കൾ പറഞ്ഞു.
തന്റെ മരുമകൻ സാജു ഒരു “ക്രൂരനായ” വ്യക്തിയാണെന്നും അവര്‍ സൗദി അറേബ്യയിൽ താമസിക്കുമ്പോൾ മകളെയും ചെറുമകനെയും മർദ്ദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അഞ്ജുവിന്റെ അമ്മ ആരോപിച്ചു.
“എന്റെ ചെറുമകൾ ജനിച്ചപ്പോൾ ഞാൻ അവരുടെ കൂടെയായിരുന്നു താമസം. അവൻ അഞ്ജുവിനെയും എന്റെ പേരക്കുട്ടിയെയും അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, അവൻ ഒരു ക്രൂരനാണ്, അവന് പെട്ടെന്ന് ദ്വേഷ്യം വരും, അവിടെ വീട്ടിൽ അവന്റെ കൂടെ തനിച്ചായിരിക്കാൻ എനിക്ക് ഭയമായിരുന്നു. എന്നാല്‍, എന്റെ മകൾ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. ഞങ്ങൾ വിഷമിക്കേണ്ടെന്നു കരുതി അവൾ നിശബ്ദയായി എല്ലാം സഹിച്ചു. അവർ ഇംഗ്ലണ്ടിലേക്ക് മാറിയപ്പോഴും അവന്റെ ക്രൂരത തുടർന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്,” അഞ്ജുവിന്റെ അമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സൗദി അറേബ്യയിൽ ജോലിയുണ്ടായിരുന്ന സാജു ഇംഗ്ലണ്ടിലായിരുന്നപ്പോൾ കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും സാമ്പത്തികം നിയന്ത്രിക്കുന്നത് അവനായിരുന്നു. അഞ്ജു അപൂർവ്വമായി പണം അയക്കാറുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു.
ഞങ്ങളുടെ മകളെയും കൊച്ചുമക്കളെയും വീഡിയോ കോളിലൂടെ എപ്പോൾ കാണണമെന്ന് അവനാണ് തീരുമാനിക്കുന്നതെന്നും അഞ്ജുവിന്റെ അമ്മ പറഞ്ഞു.
കണ്ണൂർ ആസ്ഥാനമായുള്ള മരുമകന്റെ കുടുംബത്തിന് തന്റെ മകളെയും കൊച്ചുമക്കളെയും ഇഷ്ടമാണെന്നും അഞ്ജുവിനെതിരെ പരാതിയൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന സജുവിനെ പരിചയപ്പെടുമ്പോൾ മകൾ ബംഗളൂരുവിൽ നഴ്‌സിംഗിന് പഠിക്കുകയും ജോലി ചെയ്യുകയുമായിരുന്നു എന്ന് അച്ഛന്‍ അശോകന്‍ പറഞ്ഞു.
കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് അഞ്ജു (40). ജീവ (6), ജാൻവി (4) എന്നിവര്‍ മക്കളും. . പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം അഞ്ജു സൗദിയിൽ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് യുകെയിലേക്ക് പോയത്.
“അതൊരു പ്രണയ വിവാഹമായിരുന്നു.. അവൾ അറിയിച്ചപ്പോൾ ഞങ്ങൾക്ക് സമ്മതമായിരുന്നില്ല. പക്ഷേ അവർ രണ്ടുപേരും മുതിർന്നവരും വിദ്യാസമ്പന്നരും ആയിരുന്നു. സാജു അന്ന് സൗദിയില്‍ ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങൾ അവരുടെ വിവാഹം വേണ്ടെന്ന് പറഞ്ഞാൽ അത് സ്വീകരിക്കുമെന്ന് എന്റെ മകൾ പറഞ്ഞു. പക്ഷേ, മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിക്കരുതെന്ന് അവൾ പറഞ്ഞു. അതിനാൽ, അവരുടെ വിവാഹത്തിന് ഞങ്ങൾക്ക് സമ്മതിക്കേണ്ടി വന്നു,” അശോകന്‍ പറഞ്ഞു.
മകളെ തല്ലുന്നത് താൻ കണ്ടിട്ടില്ലെങ്കിലും ചെറുമകനെ ക്രൂരനായ സാജു മർദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അശോകിന്റെ മാതാപിതാക്കൾക്ക് തങ്ങളുടെ മകളെയും പേരക്കുട്ടികളെയും അവസാനമായി ഒരു തവണ കാണണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ അതിന് അവർക്ക് ഏകദേശം 30 ലക്ഷം രൂപ ആവശ്യമാണ്, അത് അവർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.
“2018ലെ വെള്ളപ്പൊക്കത്തിൽ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഇപ്പോൾ ആകെയുള്ളത് 13 സെന്റ് സ്ഥലവും ഈ വീടും മാത്രമാണ്. ഇത് വിറ്റാൽ എനിക്കും രോഗിയായ ഭാര്യയ്ക്കും വാർദ്ധക്യത്തിൽ ജീവിക്കാൻ ഇടമില്ലാതാകും. എനിക്ക് വേറെ മാർഗമില്ല. അത്രയും പണം സ്വരൂപിക്കുന്നത് ചിന്തിക്കാനേ കഴിയുന്നില്ല,” അശോകന്‍ പറഞ്ഞു.
2021 മുതൽ കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) നഴ്സായിരുന്നു അഞ്ജു അശോക്.
നോർത്താംപ്‌ടൺഷയറിലെ കെറ്ററിംഗിൽ വ്യാഴാഴ്‌ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ സംശയം തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിയുന്നത്.
വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. വീട് തുറന്നു നോക്കിയപ്പോൾ അഞ്ജു മരിച്ച നിലയിലായിരുന്നു. തൊട്ടടുത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടികൾ. കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പോലീസ് പിടിയിലായ സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.