അബഹ: സൗദി അറേബ്യയിലെ നജ്‌റാനിലെ ആശുപത്രിയിൽ മൂന്നര മാസമായി അബോധാവസ്ഥയിൽ കിടന്ന മലയാളിയെ വീട്ടിലെത്തിച്ചു. നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെ (42) യാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ വീട്ടിലെത്തിച്ചത്.
നജ്‌റാനിലെ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെയാണ് സാബുവിന് ബോധം നഷ്ടപ്പെട്ടത്. സുഹൃത്തുക്കൾ ഉടൻ തന്നെ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. മൂന്നര മാസത്തോളം അവിടെ കിടന്നെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ഇതോടെ നാട്ടിലുള്ള ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് നജിറാനിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൊളണ്ടിയറും, നജ്റാൻ പ്രതിഭ കലാ സാംസ്കാരിക വേദി സേവന വിഭാഗം കൺവീനറുമായ അനിൽ രാമചന്ദ്രൻ മുന്നിട്ടിറങ്ങി സാബുവിനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അബോധാവസ്ഥയിലായ രോഗിയെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ വരുന്ന ഭീമമായ ചെലവും ആശുപത്രിയിൽ നൽകാനുള്ള മൂന്നര ലക്ഷം റിയാലും പ്രതിസന്ധിയിലായി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രവാസി സമൂഹത്തിന്റെയും സഹായം തേടി. മൂന്നര ലക്ഷം റിയാലിന്റെ ബിൽ ഇൻഷുറൻസ് കമ്പനി നിരസിച്ചതോടെ കോൺസുലേറ്റ് അധികൃതർ ആശുപത്രി മേധാവിക്കും നജ്റാൻ ആരോഗ്യ വിഭാഗം മേധാവിക്കും കത്തയച്ചു.
തുടർന്ന് ബിൽ തുക 2,30,000 റിയാലാക്കി കുറച്ചു നൽകി. ഇൻഷുറൻസ് കമ്പനി അത് വഹിക്കാൻ തയാറായി. ഇതോടെ ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ ചെലവ് വരുന്ന 41,000 റിയാൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുറച്ച് തുക ജിദ്ദ കോൺസുലേറ്റ് സഹായിക്കാമെന്നു അറിയിച്ചു. ആ തുക വായ്പയായി കണ്ടെത്തുകയും ബാക്കി നജ്റാനിലെ പ്രവാസി സമൂഹം നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം നജ്‌റാനിൽ നിന്ന് സൗദി എയര്‍ലൈന്‍സില്‍ റിയാദിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും കൊണ്ടുപോയി. തുടർന്ന് നോർക്കയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി അവിടെ പ്രവേശിപ്പിച്ചു.