കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 19-കാരനെ പോലീസ് പിടികൂടിയത് നാല് ദിവസത്തെ തിരച്ചിലിനു ശേഷം. സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആയങ്കുറിഞ്ചിപ്പടി, കടലൂർപെട്ടൈ തെരുവിൽ താമസിക്കുന്ന അർജുൻ (19) പിടിയിലായത്.
എട്ട് മാസത്തിനിടെ കോഴിക്കോട്ട് അര്‍ജുന്‍ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ പോലീസ് ഇൻസ്‌പെക്ടർ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് തമിഴ്‌നാട്ടിൽ നടത്തിയ സാഹസിക ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്.
ഡിസംബർ 11 രാത്രിയാണ് ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിന്റെ വശത്ത് അടുക്കിവെച്ച ചെങ്കല്ലുകള്‍ക്കരികെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മഴയിൽ കുതിർന്ന മൃതദേഹവും പരിസരവും ഇൻസ്പെക്ടർ ബൈജു കെ പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളിയായതുകൊണ്ട് ആർക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല.
ഈ നിർണായക നിമിഷത്തിലാണ് മരിച്ചയാളുടെ പോക്കറ്റിലെ ഫോൺ ബെല്ലടിച്ചത്. വിളിച്ചത് അറ്റൻഡ് ചെയ്തപ്പോൾ പുഷ്പ ജംക്‌ഷനു സമീപം എംബ്രോയ്ഡറി ജോലി ചെയ്തിരുന്ന ബംഗാൾ വർധമാൻ സ്വദേശി സാദിഖ് ഷെയ്ഖാണ് മരിച്ചതെന്നും, അവിടെ തന്നെയാണ് താമസമെന്നും മനസ്സിലായത്. സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കേസന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എ അക്ബറിന്റെ നിർദേശ പ്രകാരം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എ ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി ബിജുരാജിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡിനെയും ടൗൺ പൊലീസിനെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മഴ കാരണം ഡോഗ് സ്ക്വാഡിന് കാര്യമായ വിവരങ്ങൾ തരാൻ സാധിക്കാതെപോയി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും രണ്ടാഴ്ചയായി സിസിടിവി ക്യാമറകൾ കേടായിരിക്കുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. പിന്നീട് മരിച്ചയാളുടെ കൂടെ ജോലി ചെയ്തിരുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് അയാൾ ആരോടും അധികം സംസാരിക്കാറില്ലെന്നും ഇയർഫോണിൽ പാട്ട് കേൾക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യാറുണ്ടെന്ന് മനസ്സിലായത്. ജോലി കഴിഞ്ഞ് രാത്രി ടൗണിൽ നടക്കാൻ പോകാറുണ്ടായിരുന്നെന്നും 10-11ഓടെയാണ് തിരിച്ചെത്താറുണ്ടെന്നും അവർ പറഞ്ഞു.
മരിച്ച ദിവസം ഞായറാഴ്ചയയതുകൊണ്ട് അവർ ബിരിയാണിയുണ്ടാക്കി കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു. രാത്രി ഏഴേമുക്കാലിന് സാദിഖിനെ ഫോൺ ചെയ്തപ്പോൾ മാർക്കറ്റിലാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞത്. പിന്നീട് ഒമ്പതേകാൽ മുതൽ വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല.
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ പറഞ്ഞതു പ്രകാരം ഇയാൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് തൊട്ടടുത്ത ബാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയിൽ നിന്നുകൊണ്ട് മദ്യപിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷർട്ട് ധരിച്ച ചെറുപ്പക്കാരനെ അയാൾ പരിചയപ്പെടുന്നു. തുടർന്ന് അവർ ഒരുമിച്ച് ബാറിൽ നിന്നും പുറത്തിറങ്ങി കൊലപാതകസ്ഥലത്തേക്ക് നടന്നുപോയി. അൽപം കഴിഞ്ഞ് വെളുത്ത ടീഷർട്ടുകാരൻ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതാണ് കണ്ടത്. ഈ വെളുത്ത ടീഷർട്ടുകാരൻ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ രണ്ടു സംഘങ്ങളായാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയത്.
കൊലപാതകം നടത്തിയശേഷം തമിഴ്നാട്ടിലെ കടലൂർ ഭാഗത്തേക്ക് രക്ഷപ്പെട്ട അര്‍ജുനെ തേടി സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. അന്വേഷണ സംഘം കടലൂർ ഭാഗങ്ങളിൽ അന്വേഷിച്ചപ്പോഴാണ് അർജുൻ മറ്റൊരു കൊലപാതകക്കേസിൽ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്. ചെന്നൈയിലെ റെഡ് ഹിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചു വയസ്സുള്ള കുട്ടിയെ കുത്തിക്കൊന്നതാണ് കേസ്.
ശാസ്ത്രീയമായ രീതിയില്‍ ചോദ്യം ചെയ്യലിൽ അർജുൻ കുറ്റസമ്മതം നടത്തി. പഴയ കൊലക്കേസ് നടത്തിപ്പിന് പണം ആവശ്യമായി വന്നപ്പോൾ അതുണ്ടാക്കാനുള്ള ശ്രമത്തിലാണ് രണ്ടാമതൊരു കൊലപാതകം നടത്തിയത്. ബാറിൽ നിന്ന് അർജുൻ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ പോക്കറ്റിൽ പണം കണ്ടതിനെ തുടർന്ന് അയാൾ കൂടെ കൂടുകയായിരുന്നു. എംബ്രോയ്ഡറി ജോലിയിലൂടെ സമ്പാദിച്ച ഏഴായിരത്തോളം രൂപ സാദിഖിന്റെ പോക്കറ്റിലുണ്ടായിരുന്നു. അത് തട്ടിയെടുക്കാനാണ് സാദിഖിനെ കൊലപ്പെടുത്തിയതെന്ന് അര്‍ജുന്‍ സമ്മതിച്ചു.