കുവൈറ്റ് സിറ്റി: ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്‌റൈന്റെ ആഹ്ലാദത്തിൽ കുവൈത്തും പങ്കുചേരുന്നു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ 23-ാം സ്ഥാനാരോഹണ വാർഷികവും രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനവും ആഘോഷിക്കാൻ നിരവധി ബഹ്‌റൈനികൾ കുവൈറ്റിൽ ഒത്തുകൂടി.
പരമ്പരാഗത ബഹ്‌റൈൻ നൃത്തത്തിൽ ഐക്യപ്പെട്ട ബഹ്‌റൈനികൾക്കൊപ്പം കുവൈറ്റ് പൗരന്മാരും അണിനിരന്നു. അവന്യൂസ് മാളിൽ നടന്ന ആഘോഷം ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യത്തെയും ബന്ധത്തെയും പ്രതിഫലിപ്പിച്ചു. ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങളുടെ ദേശീയ പതാകകളും വേദിയിൽ ഉയർത്തി.
ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്‌റൈനെ ആശംസകൾ അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സന്ദേശമയച്ചു. ബഹ്റൈൻ രാജ്യത്തിനും പുരോഗതിയും വികസനവും ആശംസിച്ച അമീർ രാജാവിനും ജനങ്ങൾക്കും കൂടുതൽ ക്ഷേമം കൈവരട്ടെ എന്നും ആശംസിച്ചു.
കുവൈത്തും ബഹ്‌റൈനും തമ്മിലുള്ള അടുത്ത സൗഹൃദവും ബന്ധവും പരാമർശിച്ച അമീർ, ബന്ധം കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ അസ്സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ അസ്സബാഹ് എന്നിവരും ബഹ്റൈന് ആശംസകൾ അറിയിച്ചു.