ഹമീർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്നുള്ള ഒരു യുവാവിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഡിസംബര്‍ 15-ന് വിവാഹിതനായ ഈ യുവാവിന്റെ പേരാണ് ‘യോഗി’, മുഴുവന്‍ പേര് യോഗി സാഹു. യുപി മുഖ്യമന്ത്രിയുടെ പേരും യോഗി എന്നായത് യാദൃഛികം. അക്കാരണം കൊണ്ടാണ് ഈ വിവാഹം ചർച്ചാവിഷയമായത്. യോഗി എന്ന വരന് വധുവിന്റെ കുടുംബം സമ്മാനമായി നല്‍കിയതാകട്ടേ ഒരു ബുള്‍ഡോസറും! ബുൾഡോസർ വിവാഹ ചടങ്ങിലേക്ക് കൊണ്ടുവരികയും ചെയ്തു. വിവാഹത്തിന് സോഷ്യൽ മീഡിയയില്‍ വൻ പ്രതികരണമാണ് ആളുകൾ നൽകുന്നത്.
യോഗി സാഹു ഇന്ത്യൻ നാവികസേനയിൽ ഉദ്യോഗസ്ഥനാണ്. കാർ സമ്മാനമായി നൽകിയാൽ ഉപയോഗിക്കില്ലായിരുന്നുവെന്നും അതിനാലാണ് ബുൾഡോസർ സമ്മാനിച്ചതെന്നും വധുവിന്റെ അച്ഛൻ പറഞ്ഞു. സുമർപൂർ പട്ടണത്തിലെ ശിവ് മാര്യേജ് ലോണിൽ വച്ചാണ് യോഗി വിവാഹിതനായത്.
യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് പലതവണ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് എതിരെ ബുൾഡോസർ ഉപയോഗിച്ച് നടപടിയെടുത്തത് ശ്രദ്ധേയമാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ ഈ സംരംഭം ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പിന്തുടരുന്നു. ഇതുമൂലം യോഗി ആദിത്യനാഥും ബുൾഡോസറും വാർത്തകളിൽ നിറഞ്ഞു നില്ക്കുന്നു.
സോഷ്യൽ മീഡിയയിൽ ചിലർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ബുൾഡോസർ ബാബ’ എന്നാണ് വിളിക്കുന്നത്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ ചുമതലയേറ്റതിന് പിന്നാലെ നിരവധി ക്രിമിനലുകളുടെ സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മാത്രമല്ല, മുഖ്യമന്ത്രി യോഗിയുടെ റാലികളിൽ ബുൾഡോസറുകളും കാണാം. ജനങ്ങള്‍ ബുൾഡോസറുകളുടെ അടുത്തുനിന്ന് സെല്‍ഫിയെടുക്കുന്നതും കാണാം.