തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയും പങ്കാളിത്തവും ഏറെ നിര്‍ണ്ണായകമാണെന്നിരിക്കെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായി സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഉന്നതവിജയശതമാനവുമുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളും രാജാന്തര യൂണിവേഴ്‌സിറ്റികളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളില്‍ പഠിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുമ്പോള്‍ അതിനുള്ള സാഹചര്യമൊരുക്കുവാന്‍ എഐസിറ്റിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളിലും നയങ്ങളിലും ചില അടിയന്തര മാറ്റമുണ്ടാകണം. അഡ്മിഷന്‍ ക്രമീകരണത്തിനായി പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ 50:50 ശതമാനം ഇന്ന് അപ്രസക്തമായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പദ്ധതികള്‍ പ്രതീക്ഷയേറുന്നതും കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ സജീവ പങ്കാളികളാകുന്നതുമാണ്. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സ്വാശ്രയ നിക്ഷേപകരെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമ്പോള്‍ നിലവിലുള്ള സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളുടെ സംരക്ഷണവും പങ്കാളിത്തവും ഉറപ്പാക്കണമെന്നും ഉന്നതവിദ്യാഭ്യാമേഖല നേരിടുന്ന ആനുകാലിക വിഷയങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് റവ.ഡോ.മാത്യു പായ്ിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി. മോണ്‍. ഇ. വില്‍ഫ്രഡ്, മോണ്‍.തോമസ് കാക്കശ്ശേരി, ഫ്രാന്‍സീസ് ജോര്‍ജ് എക്‌സ് എം.പി., അഡ്വ.ജോര്‍ജ് കണ്ണന്താനം, ഫാ.ജോണ്‍ വര്‍ഗീസ്, ഫാ. ആന്റണി അറയ്ക്കല്‍, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോള്‍ നെടുമ്പുറം, ഫാ.ജോണ്‍ പാലിയക്കര, ഫാ.ജോര്‍ജ് പാറമേന്‍, ഫാ.മാത്യു കോരംകുഴ, ഫാ.ജസ്റ്റിന്‍ ആലുങ്കല്‍, ഫാ. ബിജോയ് അറയ്ക്കല്‍, ഫാ.ജോര്‍ജ് റബയ്‌റോ എന്നിവര്‍ സംസാരിച്ചു.