കോളേജ് അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, സെനറ്റ് അംഗം, സമുദായ സ്‌നേഹി, മനുഷ്യ സ്‌നേഹി, വാഗ്മി, സുവിശേഷ പണ്ഡിതൻ, സുവിശേഷ പരിഭാഷകൻ, പ്രസാധകൻ, ഗ്രന്ഥകാരൻ, സാഹിത്യ വിമർശകൻ, സഭാ വിമർശകൻ, മതദ്രോഹി, സഭാ ശത്രു, എന്തിനും മടിക്കാത്ത കേരളത്തിലെ അതിശക്തമായ കത്തോലിക്കാ സഭാ മേധാവികൾക്കെതിരെ പടവാളേന്തിയ ഒറ്റയാൻ പോരാളി-ഇതെല്ലാമായിരുന്നു അഞ്ചു വർഷം മുമ്പ് ഇന്നേ ദിവസം നമ്മോടു എന്നേക്കുമായി വിടപറഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേൽ. ജർമ്മനിയുടെ നിർഭയനായ മതപരിഷ്ക്കർത്താവായ മാർട്ടിൻ ലൂഥറും അയർലണ്ടിൻറെ നിർഭയ സാഹിത്യകാരനായ ജോർജ് ബെർണാർഡ് ഷായും സമജ്ഞസമായി സമ്മേളിച്ച വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ശ്രീ പുലിക്കുന്നേൽ എന്ന് കരുതുന്നതിൽ പതിരില്ല.
“കേരള ചരിത്രത്തിൽ ശ്രീ. പുലിക്കുന്നേൽ നേടിയ സ്ഥാനം ഇവിടുത്തെ ക്രിസ്തുമതത്തിൽ പൗരോഹിത്യം വരുത്തിക്കൂട്ടിയ അധാർമ്മികതയേയും അക്രൈസ്തവതയെയും പ്രതിരോധിക്കാനും ദുരീകരിക്കാനുമുള്ള അദ്ദേഹത്തിൻറെ ഏകാന്ത പ്രവർത്തനങ്ങളുടെയും ഫലമാണ്,” മലയാളത്തിൻറെ മഹോന്നത സാംസ്ക്കാരിക താരമായിരുന്ന ഡോ. സുകുമാർ അഴിക്കോട്, ‘ഏകാന്ത ദൗത്യം-ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം’ എന്ന രചനയുടെ അവതാരികയിൽ നിരീക്ഷിക്കുന്നു. സ്വന്തം ജീവിതത്തെ കർമ്മപാതയിലൂടെ യാഥാർഥ്യമാക്കിയവരാണ് ജീവിതത്തിന് അർത്ഥം നൽകുന്നവർ. ആശയങ്ങളുടെ ആഴംകൊണ്ടും കഴമ്പുകൊണ്ടും ഉയരങ്ങൾ താണ്ടിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ഏറെ അഭികാമ്യമായി കരുതപ്പെടുന്ന കോളേജദ്ധ്യാപനം വലിച്ചെറിഞ്ഞു കൊണ്ട് കോളേജിൻറെ പടിയിറങ്ങിയ അദ്ദേഹത്തിൻറെ ലക്ഷ്യം ജനിച്ചു വളർന്ന സമുദായത്തിൻറെ അദ്ധ്യാന്മിക നായകന്മാർ എന്നവകാശപ്പെടുന്ന ഒരു ചെറുപക്ഷം നേതൃത്വ സ്ഥാനത്തിരുന്നുകൊണ്ട് സമുദായത്തിനു വരുത്തി വെച്ച ജീർണ്ണതകളെ ചൂണ്ടിക്കാണിക്കുകയും അതിനെതിരെ അണിനിരക്കുവാൻ സമുദായ സ്നേഹികളെ വെല്ലിവിളിക്കുകയുമായിരുന്നു. കർത്താവിൻറെ പ്രതിപുരുഷന്മാരായ പുരോഹിത പരിഷകൾക്കെതിരെ സ്വരമുയർത്തുന്നവരുടെ മേൽ ഏഴു തലമുറവരെ നിലനിൽക്കുന്ന ശാപം പതിക്കുമെന്ന മസ്‌തിഷ്‌ക്ക പ്രക്ഷാളനത്തിന് ഇരയാക്കപ്പെട്ട അടിമ വിശ്വാസികൾക്ക് പുലികുന്നേലിന്റെ വെല്ലുവിളി സ്വീകരിക്കുവാൻ ആദ്യമൊക്കെ ഭയമായിരുന്നു. തന്മൂലം ആരംഭത്തിൽ മിക്കവാറും ശ്രീ. പുലിക്കുന്നേൽ ഒരു ഒറ്റയാൻ പട്ടാളമായി പടനയിച്ചു. കാലക്രമേണ സഭയിലെ ബുദ്ധിജീവികളും സാധാരണക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരും, എന്തിന് പുരോഹിതന്മാരും കന്യാസ്ത്രികളും അദ്ദേഹത്തോടൊപ്പം ചിന്തിക്കാനും ചരിക്കാനും മുന്നോട്ടു വന്നു.
ഇത്തരുണത്തിൽ കേരള കത്തോലിക്കാ സഭയിൽ ദൂരവ്യാപകമായ കോളിളക്കത്തിന് കുറിഞ്ഞി കുത്തിയ ഒരു സംഭവം എടുത്തു പറയാതെ വയ്യ! കേരള കത്തോലിക്കാ സമുദായത്തിൻറെ ചരിത്രത്തിൽ നാഴികക്കല്ലായിത്തീർന്ന സംഭവമാണ് കുറവിലങ്ങാട് പള്ളി ഇടവകക്കാരനായ വെള്ളായിപ്പറമ്പിൽ വി. കെ കുര്യൻറെ മൃതദേഹസംസ്‌ക്കാരം ഉയർത്തിയ പ്രശ്നം!
2005 ഫെബ്രുവരി മാസത്തിലാണ് സംഭവം. പള്ളി വികാരി ശ്രീ. കുര്യന് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചു. പതിവായി പള്ളിയിൽ പോകുന്ന ഒരു വിശ്വാസിയായിരുന്നു കുരിയൻ. അദ്ദേഹം സഭയുടെ ചില തെറ്റായ നടപടികളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടു എന്നതായിരുന്നു സഭാപരമായ മരിച്ചടക്കു നിഷേധിക്കുന്നതിനു കാരണമായത്! സർവ്വശക്തിയുമുപയോഗിച്ചു സഭാധികൃതർ എതിർത്ത മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെ ശ്രി. കുരിയൻ അനുകൂലിച്ചിരുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോൾ, അവർ ഗർഭഛിദ്ര നിയമം നടപ്പിലാക്കിയതുകൊണ്ടാണ് ഗർഭപാത്രത്തിൽത്തന്നെ വെടിയേറ്റു മരിച്ചതെന്ന് പള്ളിയിൽ പരസ്യമായി പറഞ്ഞ പുരോഹിതനെ അദ്ദേഹം നിശിതമായി വിമർശിച്ചു. പാലാ അൽഫോസ് കോളേജിലെ ഒരു കന്യാസ്ത്രിയുമായി ബന്ധപ്പെട്ട ഒരു കേസിൽ സെനറ്റ് മെമ്പർ ആയ ശ്രി. കുരിയൻ സഭാ നിർദേശത്തിനു വഴങ്ങിയില്ല. അടിമകളായ സഭാംഗങ്ങളെ, മൃഗങ്ങളിൽ ബുദ്ധിവിഷയത്തിൽ പിന്നിൽ നിൽക്കുന്ന ആടുകളോടാണല്ലോ വിശുദ്ധ കത്തോലിക്കാ സഭ താരതമ്യം ചെയ്യുന്നത്. അത് മറന്നു വഴിപിഴച്ചു നടക്കുന്ന ആടുകളോട് ജീവിതത്തിലും മരണത്തിലും ദയ കാണിക്കുന്നത് ആഗോള സഭയുടെ പണ്ടുമുതലേയുള്ള രീതിയല്ല. ശ്രി. കുരിയൻറെ കാര്യത്തിലും അതു മാറ്റമില്ലാതെ സംഭവിച്ചു! അദ്ദേഹത്തിൻറെ ഡി.സി.സി പ്രസിഡന്റു പദവിയോ, സെനറ്റു മെമ്പർ സ്ഥാനമോ, ജനസമ്മിതിയോ പള്ളി വികാരിയോ പള്ളിക്കാപ്പറമ്പിൽ മെത്രാനോ ഗൗനിച്ചില്ല. ഈ സന്ദർഭത്തിലാണ് സഭയുടെ ആട്ടിൻപറ്റത്തിലെ അനുസരണയില്ലാത്ത കുഞ്ഞാടായ ശ്രി. പുലിക്കുന്നേൽ, അടക്കം ഞാൻ നടത്തിക്കൊള്ളാം എന്ന് പറഞ്ഞുകൊണ്ട് കബറിനടുത്തേയ്ക്കു നീങ്ങിനിന്നു മരണാനന്തര പ്രാർത്ഥന തുടങ്ങിയത്. വീട്ടിൽ തടിച്ചുകൂടിയിരുന്ന ജനാവലി അദ്ദേഹത്തോടൊപ്പം പ്രാർത്ഥനാനിരതരായി. അനന്തരം മൃതദേഹവുമായി ശോകാകുലരായ ജനസഞ്ചയം പള്ളിയിലേക്കു നടന്നു നീങ്ങി. പുലിക്കുന്നേലിന്റെ നേതൃത്വത്തിൽ സംസ്ക്കാര ശ്രുശൂഷകൾ നടത്തി. ജനക്കൂട്ടം പ്രാർത്ഥനകൾ ഏറ്റുപാടി. തുടർന്ന് മൃതശരീരം പള്ളിസെമിത്തേരിയിലെ കുടുംബക്കല്ലറയിൽ കബറടങ്ങി.
ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നിൽ പട്ടക്കാരും പള്ളിമേധാവികളും പള്ളിക്കാപറമ്പിൽ മെത്രാനും പഞ്ചപുശ്ചമടക്കി നിൽക്കാനെ പറ്റിയുള്ളു!
മൃതശരീരത്തെ അപമാനിച്ചതിൻറെ പേരിൽ വെള്ളായിപ്പറമ്പിൽ കുടുംബ യോഗം പാലാ സബ്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യ്തു. മാർ പള്ളിക്കാപറമ്പൻ കോടതിയിൽ ഹാജരായി. ശ്രി. വി.കെ കുര്യന്റെ കുടുംബത്തിന് പാലാ മെത്രാൻ 2,25000 രൂപ നഷ്ടപരിഹാരം നൽകാൻ ജഡ്‌ജി ശ്രിമതി ശകുന്തളാദേവി ഉത്തരവായി. കേസു വിചാരണയിൽ മെത്രാൻ സമർപ്പിച്ച സത്യവാങ്മൂലം ഇങ്ങനെ: “He was not attending the church for a long number of years till his death. He was not attending mass on Sundays and obligatory days, a fundamental obligation of all the faithful Catholics. He was not receiving any sacraments for several years. He intentionally, deliberately and without any excuse declined to attend any services in the church and refused to receive Holy Communion and sacrament of penance.” ഈ സത്യവാങ്മൂലം കളവായിരുന്നുവെന്നു പിന്നീട് തെളിഞ്ഞതായി പറയപ്പെടുന്നു! പള്ളിയുടെയും പട്ടക്കാരുടെയും പിതാക്കന്മാരുടെയും പരിപാവനമായ പരിലാളനത്തിനു പത്രമാകാതെ പാലിച്ച ഈ മരണാനന്തര ശുശ്രൂഷ സഭാംഗങ്ങൾക്കിടയിലുണ്ടാക്കിയ ഉണർവും ഉത്തേജനവും ഉയിരും കേരളത്തിലെ കത്തോലിക്കാ സഭയുടെ പിൽക്കാല ചരിത്രത്തെ വഴിതിരിച്ചു വിടുന്നതിനുള്ള വകയായി. അതിൻറെ പ്രഭയേറിയ പ്രകടനമാണ് എറണാകുളം-അങ്കമാലി രൂപതയിലും കർദിനാളിന്റെ ഭൂമിയിടപാടു കാര്യത്തിലും സഭാംഗങ്ങൾ പ്രകടമാക്കുന്ന പേടിയില്ലാത്ത പ്രതികരണങ്ങൾ വിളിച്ചുപറയുന്നത്!
ശ്രി. ജോസഫ് പുലിക്കുന്നേൽ എന്ന ഒറ്റയാൻ വിപ്ലവകാരിയുടെ അഞ്ചാം ചരമ വാര്‍ഷികത്തിൽ അദ്ദേഹത്തോട് നാം പ്രത്യേകം നന്ദിയും സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു!