പ്രപഞ്ചമാകെ സന്തോഷം പ്രസരിക്കുന്ന ക്രിസ്തുമസ്കാലം വീണ്ടും വരവായി! ക്രിസ്തുമസ് ഗാനങ്ങളും, വര്‍ണശബളിമയാര്‍ന്ന വിളക്കുകളും അലങ്കാരങ്ങളും ഇരുട്ടില്‍ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ് വിളിച്ചറിയിക്കുന്നു. സന്തോഷത്തിന്‍റെയും കരുതലിന്റെയും നാളുകളെ ഓര്‍മ്മിപ്പിക്കാന്‍ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരവായി.
ഐതിഹ്യങ്ങള്‍ അനുസരിച്ച്, ക്രിസ്തുമസ് ഫാദര്‍ എന്നറിയപ്പെടുന്ന സാന്താക്ലോസ് നാലാം നൂറ്റാണ്ടില്‍ ആധുനിക തുര്‍ക്കിയിലെ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന സന്യാസിയായിരുന്നു. തനിക്കുള്ളതെല്ലാം പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ദാനം ചെയ്ത ഉദാരമനസ്തനായ വ്യക്തിയായിട്ടാണ് വിശുദ്ധ നിക്കോളാസിനെ കണക്കാക്കുന്നത്. ഇന്ന്, ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ടുവരുന്ന ഒരു ഒരു അപ്പച്ചനായിട്ടാണ് സാന്താക്ലോസ് അറിയപ്പെടുന്നത്.
വിശുദ്ധ നിക്കോളാസിനെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്, അവ ശരിയാണെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല.
എല്ലാ സംസ്കാരങ്ങള്‍ക്കും സാന്താക്ലോസിനെപ്പോലെ ഇതിഹാസ പുരുഷന്മാരുണ്ട്.
ക്രിസ്തുമസ് കാലത്തു സാന്താക്ലോസ് ആഗതനാകുന്നപോലെ എല്ലാ വര്‍ഷവും ഓണക്കാലത്ത് പ്രത്യക്ഷപ്പെടുന്ന മാവേലി നമുക്ക് സുപരിചിതനാണ്. സാന്താക്ലോസും മാവേലിയും ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന് സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നുമില്ല. എന്നിട്ടും ലോകം അവരെ സ്നേഹിക്കുന്നു.
എന്‍റെ കുട്ടിക്കാലത്ത് സണ്‍ഡേ സ്കൂളിലെ മറ്റു മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം വീടുതോറുമുള്ള കരോളിംഗിന് പോകുന്നത് ഒരു സ്വപ്നമായിരുന്നു. ഗ്രാമത്തിലെ ഓരോ കുട്ടിയുടെയും സ്വപ്നമായിരുന്നു അത്.
വീടുതോറുമുള്ള കരോളിംഗിന് പോകുന്നതിന് കുട്ടികള്‍ക്ക് കുറഞ്ഞത് 10 വയസ്സ് തികഞ്ഞിരിക്കണം എന്ന അലിഖിത നിയമം അക്കാലത്ത് നിലവിലുണ്ടായിരുന്നു. ടാര്‍ ചെയ്യാത്ത വഴികളും കുന്നിന്‍ പ്രദേശങ്ങളും കണക്കിലെടുക്കുമ്പോള്‍ രാത്രികാലങ്ങളില്‍ അത്തരം നിയന്ത്രണങ്ങള്‍ ആവശ്യമായിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. കരോളിംഗിന് അനുവാദം കിട്ടികഴിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭൂതി ആയിരുന്നു.
വെള്ളത്താടിയും ചുവന്നകുപ്പായവും ധരിച്ച ക്രിസ്മസ് ഫാദര്‍ എന്നറിയപ്പെടുന്ന സാന്താക്ലോസിനോടൊപ്പം നടക്കുന്നത് രസകരമായിരുന്നു. അദ്ദേഹത്തിന്റെ സഞ്ചിയിലെ മിഠായി ആയിരുന്നു മറ്റൊരു ആകര്‍ഷണ വസ്തു. മിഠായികള്‍ കൊണ്ടുപോയി എല്ലാ വീട്ടിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിതരണം ചെയ്യുന്ന സാന്താക്ലോസിനെ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരുക്കുന്നത് ഒരു സാന്താക്ലോസ് ആകുക എന്നത് ഓരോ കൗമാരക്കാരന്റെയും സ്വപ്നമായിരുന്നു.
സാന്താക്ലോസ് ആകാനും സാന്താക്ലോസിനെപ്പോലെ ആകാനും പ്രായപരിധി ഇല്ല എന്നതാണ് സത്യം! സാന്താക്ലോസിനോടുള്ള ഈ ആകര്‍ഷണത്തിന് പിന്നിലെ കാരണം എന്താണ്?
നമ്മുടെ ജീവിതം സന്തോഷവും സങ്കടവും സമ്മിശ്രമായുള്ളത് ആയിരിക്കും.
ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യാന്‍ കഴിവുള്ളവരെ നമുക്ക് വേണം. നമ്മുടെ മനസ്സിനെ ഉണര്‍ത്താനും ഉയര്‍ത്താനും കഴിവുള്ളവരെ നമുക്കാവശ്യമുണ്ട്. സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ഓര്‍മ്മ നല്‍കുന്ന സാന്താക്ലോസ് ആകാന്‍ നമുക്ക് കഴിയണം.
സമ്മാനങ്ങള്‍ നല്‍കുന്നതിനാല്‍ സാന്താക്ലോസ് കുട്ടികള്‍ക്കിടയില്‍ ജനപ്രിയനാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്ന യേശു തന്നെ ഏറ്റം വലിയ ഗിഫ്റ്റ് അഥവാ സമ്മാനം. യേശുവാണ് ഏറ്റവും വലിയ സമ്മാനം.
നമ്മള്‍ കൊടുക്കുന്നതോ നമുക്കു ലഭിക്കുന്നതോ ആയ ഓരോ സമ്മാനവും നമ്മള്‍ ഓരോരുത്തരും ഒരു സമ്മാനമാണെന്ന ഓര്‍മ്മപ്പെടുത്തലാണ്! എല്ലാ സമ്മാനങ്ങളും ഒരുപോലെയല്ല! അതുപോലെ, നാമെല്ലാവരും ഒരേ സമ്മാനമല്ല। നിയമങ്ങള്‍ ലംഘിക്കുന്നവരോ ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരോ പോലും ഒരു പരിധി വരെ സമ്മാനങ്ങളാണ്.
അസ്വീകാര്യമായ പെരുമാറ്റമുള്ള അത്തരം ആളുകള്‍ ഒരുപക്ഷെ പലര്‍ക്കും ഒരു ബാധ്യതയോ ഭാരമോ ആയിരിക്കാം, എങ്കിലും അവര്‍ അവരുടെ കുടുംബത്തിനോ അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കോ സമ്മാനമായിരിക്കും. ചുരുക്കത്തില്‍, നമുക്കെല്ലാവര്‍ക്കും ഒരു സമ്മാനമാകാന്‍ കഴിയണം.
‘The Seven Habits of Highly Effective People’ എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവ് Stephen Covey നമ്മുടെ സ്വാധീന വൃത്തം (Circle of Influence) മനസ്ലിലാക്കേണ്ടതിനെപ്പറ്റി പറയുന്നു. നമ്മുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളില്‍ നമ്മുടെ ഉര്‍ജ്ജം പാഴാക്കാതെ, നമ്മുടെ സ്വാധീന വലയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ സ്വാധീനവലയം ക്രമേണ വലുതാക്കാനും അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ചുറ്റുമുള്ളവര്‍ക്കു സന്തോഷം പകരുവാനും അവരുടെ ജീവിതത്തില്‍ ഒരു സമ്മാനമാകുവാനും സാന്താക്ലോസ് നമ്മെ പ്രചോദിപ്പിക്കുന്നു.
ഓസ്യാര്‍ വൈല്‍ഡ് പറഞ്ഞതായി അറിയപ്പെടുന്ന ഒരു ഉദ്ധരണിയുണ്ട് : “ചിലര്‍ എവിടെ പോയാലും സന്തോഷം നല്‍കുന്നു; മറ്റു ചിലര്‍ പോയിക്കഴിയുമ്പോള്‍ സന്തോഷം പകരുന്നു” (“Some people bring happiness wherever they go, others, whenever they go.”) സാന്താക്ലോസിനെപ്പോലെ, പോകുന്നിടത്തെല്ലാം സന്തോഷം പകരുവാന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യം തന്നെ.
ക്രിസ്തുമസ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സാന്താക്ലോസ് അപ്രത്യക്ഷമാകും. എന്നാല്‍, നമ്മുടെ ചുറ്റുമുള്ളവരെ കരുതുകയും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നതിലൂടെയും മാത്രമേ യഥാര്‍ത്ഥ സന്തോഷം ലഭിക്കുകയുള്ളുവെന്ന് സാന്താക്ലോസ് തന്റെ ജീവിതത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ ക്രിസ്മസ് സമയത്തും അതിനു ശേഷവും നമുക്ക് ചുറ്റുമുള്ള എല്ലാവരിലും ഈ കരുതലിന്റെയും പങ്കിടലിന്റെയും സന്തോഷം നിലനിര്‍ത്തുവാന്‍ നമുക്ക് കഴിയട്ടെ.