ദോഹ: 1986-നു ശേഷം ലോകകപ്പ് ജേതാക്കളായി അർജന്റീന ആഘോഷങ്ങളുടെ കൊടുമുടിയിൽ നില്‍ക്കുമ്പോള്‍, രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ ലയണൽ മെസ്സി. ഇതിഹാസ കുതിപ്പുമായി ലോകകപ്പിലെ താരമായ മെസ്സി ആരാധകരെ ആഹ്ലാദിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഉടൻ വിരമിക്കുന്നില്ലെങ്കിലും ലോക ചാമ്പ്യൻമാരുടെ ജഴ്‌സിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.
സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ വിജയിച്ച ശേഷം, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. ‘ഏറെക്കാലമായി കാണുന്ന സ്വപ്‌നമായിരുന്നു. ദൈവം എനിക്കത് നൽകുമെന്ന് വിശ്വാസമുണ്ടായിരുന്നു’ – വിജയത്തെ കുറിച്ച് മെസി പ്രതികരിച്ചു. ഫുട്ബോൾ ലോകത്ത് മുടിചൂടാമന്നനായി തുടരുമ്പോഴും ലോകകപ്പ് കിരീടം എന്നത് മെസിയുടെ ഉറക്കം കെടുത്തിയ സ്വപ്‌നമായിരുന്നു.
36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന കപ്പ് ഉയർത്തുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും കപ്പ് സ്വന്തമാക്കിയത്. തന്റെ അഞ്ചാം ലോകകപ്പ് പൂർത്തിയാക്കിയ മെസ്സി, ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള കിരീടവും ഗോൾഡൻ ബോളുമായാണ് മടങ്ങുന്നത്.