തിരുവനന്തപുരം: ഖത്തര്‍ ലോക കപ്പില്‍ അർജന്റീന-ഫ്രാൻസ് ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവേശത്തിലായ ആരാധകർ ബിവറേജസ് കോർപ്പറേഷനെ ആശ്രയിച്ചതോടെ സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന. ഡിസംബർ 18ന് ബെവ്‌കോ വഴി 50 കോടിയോളം രൂപയുടെ മദ്യമാണ് വിറ്റത്. കൃത്യമായി പറഞ്ഞാൽ 49.86 കോടിയുടെ മദ്യവിൽപ്പന.
ബെവ്‌കോയിൽ ഒരു ദിവസത്തെ ശരാശരി മദ്യവിൽപ്പന ശരാശരി 33 കോടി രൂപയാണ്. ഇതിന് പകരം 17 കോടി രൂപയുടെ അധിക വിൽപ്പനയാണ് ലോകകപ്പ് ഫൈനൽ ദിനത്തിൽ നടന്നത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനത്തിൽ മാത്രം റെക്കോർഡ് മദ്യ വിൽപ്പനയാണ് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ഉത്രാട ദിനത്തിലെ വിൽപ്പന റെക്കോർഡ് ഇതുവരെ മറികടക്കാനായിട്ടില്ല.
ഇത്തവണ ഉത്രാടദിനത്തിൽ മാത്രം 117 കോടി രൂപയുടെ മദ്യമാണ് വിൽപന നടത്തിയത്. പൂരാട ദിനത്തിൽ 104 കോടി രൂപയുടെ വിൽപനയും നടന്നു. ബെവ്കോയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു ദിവസത്തെ വിൽപന 100 കോടി കടക്കുന്നതും കഴിഞ്ഞ ഓണക്കാലത്തായിരുന്നു. ജനങ്ങൾക്ക് താത്‌പര്യമുള്ള വില കുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ ഒരിടവേളയ്‌ക്കു ശേഷം ബെവ്‌കോയിൽ സുലഭമായെത്തിയതും വിൽപന വർധിക്കാൻ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.