ന്യൂയോർക്ക്: സ്വാമി ഉദിത് ചൈതന്യജി മുഖ്യാതിഥിയായി പങ്കെടുത്ത ഹൈന്ദവ മഹാ സമ്മേളനം ഡിസംബർ 17 ശനിയാഴ്ച പകൽ രണ്ടുമണി മുതൽ നായർ ബനവലന്റ് അസോഷിയേന്റെ ആസ്ഥാനത്ത് സമാരംഭം കുറിച്ചു. എൻ.ബി.എ. വിമൺസ് ഫോറവും വിവിധ ഹൈന്ദവ സംഘടനകളിലെ അമ്മമാരും ചേർന്ന് വിമൺസ് ഫോറം ചെയർ പേഴ്സൺ രാധാമണി നായരുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും 2 മണി മുതൽ 5 മണിവരെ ഭക്തിനിർഭരമായി നാരായണീയം ആലപിക്കുകയുണ്ടായി. നാരായണീയ ദിനമായ വൃശ്ചികം 28 ഈ മാസം ഡിസംബർ 14 ആയിരുന്നെന്നും ആ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്നത്തെ പാരായണം എന്നും പറഞ്ഞുകൊണ്ടാണ് ജയപ്രകാശ് നായർ പാരായണത്തിന് തുടക്കം കുറിച്ചത്. 436 വർഷം മുമ്പുള്ള ഒരു വൃശ്ചികം 28 നായിരുന്നു മേൽപ്പത്തൂർ നാരായണീയം എഴുതിത്തീർത്ത് ഗുരുവായൂരപ്പന് സമർപ്പിച്ചത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സംബന്ധിക്കാനെത്തിച്ചേർന്ന സ്വാമി ഉദിത് ചൈതന്യജിയെ എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പൂർണകുംഭം നൽകി എതിരേറ്റ് താലപ്പൊലിയോടെയും വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. എൻ.ബി.എ. ചെയർമാൻ രഘുവരൻ നായർ സ്വാമിജിക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ ഏവർക്കും സ്വാഗതം ആശംസിച്ചു. ചെയർമാൻ രഘുവരൻ നായർ സ്വാമിജിയെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. ന്യൂയോർക്കിലും പ്രാന്തപ്രദേശത്തും പ്രവർത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ നേര്ന്നു.
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രഷറർ ബാഹുലേയൻ രാഘവൻ, ഫെഡറേഷൻ ഓഫ് ശ്രീ നാരായണ അസോസിയേഷൻ ജോയിന്റ് ട്രഷറർ സഹൃദയൻ കെ പണിക്കർ, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, സ്റ്റാറ്റൻ ഐലന്റ് ടെമ്പിൾ സൊസൈറ്റിക്കു വേണ്ടി രാംദാസ് കൊച്ചുപറമ്പിൽ, മലയാളി ഹിന്ദു മണ്ഡലത്തിനു വേണ്ടി വൈസ് പ്രസിഡന്റ് ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പി, എൻ.എസ്.എസ് ഹഡ്സൺവാലിക്കുവേണ്ടി പ്രസിഡന്റ് ജി.കെ. നായർ, ലോംഗ് ഐലന്റ് ടെമ്പിൾ സൊസൈറ്റിക്കു വേണ്ടി സെക്രട്ടറി ശോഭാ കറുവക്കാട്ട്, കെ.എച്.എൻ.എ. ബോർഡ് മെമ്പറും എൻ.ബി.എ. കൾച്ചറൽ കമ്മിറ്റി ചെയർപേഴ്സണുമായ വനജ നായർ എന്നിവർ ആശംസകൾ നേർന്നു.
അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം മാതൃകാപരമാണെന്നും നമ്മുടെ ജന്മനാട്ടിൽ ചാതുർവർണ്യത്തിന്റെ തെറ്റായ ഭാഷ്യം നൽകി ഹൈന്ദവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയക്കാർ മുതലെടുക്കുന്നത് മനസ്സിലാക്കി “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ആദർശത്തിൽ പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവും ലോകനന്മക്ക് അനിവാര്യവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി ഉദിത് ചൈതന്യജി ഉദ്ബോധിപ്പിച്ചു. രണ്ടു മണിക്കൂറോളം സ്വാമിജിയുടെ പ്രഭാഷണം നീണ്ടു.
ഹരിവരാസനത്തിന് നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെയും അയ്യപ്പ ഭജനോത്സവത്തിന്റെയും ഭാഗമായി ന്യൂയോർക്കിന്റെ അഭിമാനവും അറിയപ്പെടുന്ന ഒരു ഗായികയുമായ അനുഷ്ക ബാഹുലേയന്റെ നേതൃത്വത്തിൽ എല്ലാവരം ചേർന്ന് ഹരിവരാസനം ആലപിച്ചുകൊണ്ട് ആദ്യ ദിവസത്തെ ചടങ്ങുകൾ സമാപിച്ചു.
രണ്ടാം ദിവസമായ 18 ഞായറാഴ്ച 2 മുതൽ 5 മണിവരെ നാരായണീയ പാരായണവും തുടർന്ന് ഏവർക്കും സർവ്വ ഐശ്വര്യവും ഭവിക്കുന്നതിനു വേണ്ടിയുള്ള ലളിതാനാമ സഹസ്രാർച്ചനയോടെയുള്ള “സർവ്വൈശ്വര്യ പൂജ”യും നടന്നു. മനഃസൗഖ്യവും ശാന്തിയും ഐശ്വര്യവും ലഭിക്കുന്ന സർവ്വൈശ്വര്യ പൂജയിൽ അനവധി ഭക്തർ പങ്കെടുത്ത് സായൂജ്യമടഞ്ഞു. ഹിമാലയത്തിൽ നിന്നും ലഭിച്ച അത്യപൂർവ്വവും അതിവിശിഷ്ടവുമായ ചതുർമുഖ രുദ്രാക്ഷം ഏവർക്കും സ്വാമിജി പ്രസാദമായി നൽകി അനുഗ്രഹിച്ചു.
തുടർന്ന് സുപ്രസിദ്ധ ഗായിക അനിതാ കൃഷ്ണൻ, ദിവ്യാ ശർമ്മ എന്നിവരുടെ “ഭക്തിഗാന സുധ” ആഘോഷങ്ങൾക്ക് മിഴിവേകി. എൻ.ബി.എ. വൈസ് പ്രസിഡന്റ് ശശി പിള്ള ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. രണ്ടു ദിവസവും വൈകിട്ട് പ്രസാദ വിതരണം, സദ്യ എന്നിവയുണ്ടായിരുന്നു. ഇവ സ്തുത്യർഹമായി ഏകോപിപ്പിച്ചത് ലക്ഷ്മി രാംദാസിന്റെ നേതൃത്വത്തിലുള്ള അമ്മമാരായിരുന്നു. കോവിഡ് കാലത്തിനുശേഷം പുനർനിർമ്മാണം നടത്തിയ എൻ.ബി.എ. ആസ്ഥാനവും സ്വാമിജി ഉദ്ഘാടനം നടത്തിക്കൊണ്ട് സത്കർമ്മങ്ങൾക്കും സത്സംഗങ്ങൾക്കുമുള്ള ഒരു വേദിയായി മാറട്ടെ എന്നും ആശീർവദിച്ചു. ഈ ആഘോഷം സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ഭാരവാഹികളെയും മറ്റു പ്രവർത്തകരെയും അഭിനന്ദിച്ചു.
എൻ.ബി.എയുടെ ഈ ആസ്ഥാനം എന്നും സജ്ജനങ്ങൾക്ക് പ്രാപ്യമായിരിക്കും എന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ ഹർഷാരവത്തിനിടക്ക് അറിയിച്ചു.