കൊച്ചി: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിക്ക് ഒരുങ്ങിക്കഴിഞ്ഞു. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന് നിലവിലെ ചാമ്പ്യന്മാരായ കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾകീപ്പർ വി. മിഥുൻ നയിക്കും. ജനുവരി 26ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ കരുത്തരായ ബംഗാളിനെ തോൽപ്പിച്ച് ഏഴാം തവണയും കിരീടം നേടിയ ടീമിലെ മൂന്ന് താരങ്ങളെയും 16 പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് കേരള ടീം മൈതാനത്ത് ഇറങ്ങുന്നത്. 2017-2018, 2021-22 സീസണുകളിൽ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍ വല കാത്ത കണ്ണൂർ സ്വദേശി വി മിഥുനാണ് ക്യാപ്റ്റൻ. വിനീഷ്, നരേഷ്, ജോൺ പോൾ എന്നിവരാണ് സ്‌ട്രൈക്കർമാർ. കഴിഞ്ഞ വർഷത്തെ നേട്ടം ആവർത്തിക്കാനാവുമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുൻ മാധ്യമങ്ങളോട് പറഞ്ഞു. 16 പുതുമുഖങ്ങളുണ്ടായിട്ടും ടീം സന്തുലിതമാണെന്ന് പരിശീലകൻ പി.ബി.രമേഷ് പറഞ്ഞു.
ശക്തരായ മിസോറാം, ബീഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഡിസംബർ 26ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഡിസംബർ 26 മുതൽ ജനുവരി 8 വരെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ. വിവിധ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാർ മാത്രമേ അടുത്ത റൗണ്ടിൽ പ്രവേശിക്കൂ. അതുകൊണ്ട് തന്നെ കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിർണായകമാണ്.
ഗോളിമാര്‍: വി. മിഥുന്‍ (കണ്ണൂര്‍), പി.എ. അജ്മല്‍ (മലപ്പുറം), ടി.വി. അല്‍ക്കേഷ് രാജ് (തൃശൂര്‍)
പ്രതിരോധം: എം. മനോജ്, ആര്‍. ഷിനു, ബെഞ്ചമിന്‍ ബോള്‍സ്റ്റര്‍, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീന്‍, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം)
മധ്യനിര: ഋഷിദത്ത് (തൃശൂര്‍), എം. റാഷിദ്, റിസ്‌വാന്‍ അലി (കാസര്‍കോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹന്‍ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)
മുന്നേറ്റ നിര: എം. വിനീഷ്, ബി. നരേഷ്, ജോണ്‍പോള്‍.