വാഷിംഗ്ടണ്‍ ഡി.സി.: മുന്നൂറ് ദിവസമായി റഷ്യ യുക്രെയ്നെതിരെ തുടരുന്ന യുദ്ധം അതിന്റെ പരിസമാപ്തിയിലേക്കെത്തി കൊണ്ടിരിക്കുകയാണെന്നും, യുക്രെയ്ന്‍ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിനു മുമ്പില്‍ റഷ്യ അടിയറവു പറയേണ്ടിവരുമെന്നും യു.എസ്. കാപ്പിറ്റോളില്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്ത അഭിസംബോധന ചെയ്തുകൊണ്ട് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി.
അന്താരാഷ്ട്ര സമാധാനശ്രമങ്ങളെ കാറ്റില്‍ പറത്തി റഷ്യ യുക്രെയ്നെതിരെ നടത്തുന്ന മനുഷ്യത്യരഹിതമായ അക്രമങ്ങളെ ചെറുക്കുന്നതിന് അമേരിക്ക നല്‍കി വരുന്ന പിന്തുണക്കും, സഹായത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1944 ല്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജര്‍മ്മനിക്കെതിരെ അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ ധീരമായ ചെറുത്തു നില്‍പ്പിന് തുല്യമായാണ് ഈ ക്രിസ്തുമസ് സീസണില്‍ ചെറുത്തു നില്‍ക്കുന്നതെന്ന് അമേരിക്കന്‍ ചരിത്രം പരാമര്‍ശിച്ചു സെലന്‍സ്‌കി പറഞ്ഞു.
അമേരിക്കന്‍ ജനത നല്‍കുന്ന സാമ്പത്തിക സഹായം ആഗോള തലത്തില്‍ സുരക്ഷിതത്വവും, ജനാധിപത്യവും നിലനിര്‍ത്തുക എന്ന സദ് ഉദ്ദ്യേശത്തോടെയാണെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യയുമായി സന്ധിസംഭാഷണത്തിന് താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ ബൈഡനുമായി കൂടികാഴ്ച നടത്തുകയും, സംയുക്തമായി പത്രസമ്മേളനം നടത്തുകയും ചെയ്തു.