ഗാംഗ്‌ടോക്ക്: ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള വടക്കൻ സിക്കിമിലെ സേമയില്‍ വാഹനം റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് 16 സൈനിക ജവാന്മാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്.
പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ വടക്കൻ ബംഗാളിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ലാച്ചനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സെമ 3 എന്ന സ്ഥലത്ത് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.
20 യാത്രക്കാരുമായി അതിർത്തി പോസ്റ്റുകളിലേക്ക് സൈനിക വാഹനം പോവുകയായിരുന്നെന്ന് ചുങ്താങ് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അരുൺ തട്ടാൽ അറിയിച്ചു. സെമ 3 ഏരിയയിലെ ഒരു വളവ് തിരിയുന്നതിനിടെ വാഹനം റോഡിൽ നിന്ന് തെന്നിമാറി നൂറടിയോളം താഴേക്ക് പതിച്ചു.
16 മൃതദേഹങ്ങളും അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ലാച്ചനിൽ നിന്നുള്ള പോലീസ് സംഘത്തോടൊപ്പം സ്ഥലത്തുണ്ടായിരുന്ന തട്ടാൽ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗാംഗ്‌ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും, പിന്നീട് സൈന്യത്തിന് കൈമാറും. സൈനികരുടെ റെജിമെന്റ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.