പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 415 ഗ്രാം ഭാരമുള്ള മാസം തികയാതെ ജനിച്ച പെൺകുഞ്ഞ് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് ചുവടു വെച്ചു. 415 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന, കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യത്തോടെ ജിവിതത്തിലേക്ക് വന്നുതുടങ്ങി.
17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് വാണിമേൽ കല്ലുള്ളപറമ്പത്ത് വീട്ടിൽ സുനില്‍-ശാലിനി ദമ്പതികള്‍ക്ക് ദേവാംശിഖ എന്ന പെൺകുഞ്ഞ് പിറന്നത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐ.സി.യുവിലെ പരിചരണത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുമ്പോൾ കുഞ്ഞിന് 2.070 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ഇപ്പോഴത്തെ ഭാരം 2.880 കിലോയാണ്.
ഗർഭം 23 ആഴ്ചയായപ്പോൾ ജൂൺ 24 നാണ് കുഞ്ഞ് ജനിച്ചത്. ഇത്തരമൊരു ശ്രമം വിജയിക്കുന്നതും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുന്നത് അപൂർവ സംഭവമാണെന്നും ഡോക്ടർമാർ പറഞ്ഞു.
ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത് ലൈഫ് ലൈന്‍ ആശുപത്രി എന്‍.ഐ.സി.യു മേധാവി ഡോ. ബിനു ഗോവിന്ദ് ആണ്. ലൈഫ് ലൈനിലെ അതിനൂതനമായ ഐവിഎഫ് ചികിത്സയിലൂടെയാണ് ഈ ദമ്പതികളുടെ സ്വപ്നം സഫലമായത്.