മലപ്പുറം: പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് ആശയാടിത്തറ ഒരുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. വംശീയ അജണ്ടകളെ മറികടക്കുന്നതിന് സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയത്തിന് മാത്രമാണ് സാധിക്കുകയെന്നും സുരേന്ദ്രൻ കരിപ്പുഴപറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ കരിപ്പുഴ. വെൽഫെയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ്. വെൽഫെയർ പാർട്ടി ഭൂസമരങ്ങളിലൂടെയും സംവരണ പ്രക്ഷോഭങ്ങളിലൂടെയുമാണ് കേരളത്തിൽ നിർണ്ണായകമായ സ്ഥാനമടയാളപ്പെടുത്തിയത്. സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന ഇടപെടലുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കോർപ്പറേറ്റ് ചങ്ങാത്തമുള്ള ജനദ്രോഹ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.
പൊന്നാനിയിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് വഹാബ് വെട്ടം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ നാസർ കീഴുപറമ്പും വൈസ് ക്യാപ്റ്റൻ ഗണേഷ് വടേരിയും അഭിവാദ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ മുനീബ് കാരക്കുന്ന്, സുഭദ്ര വണ്ടൂർ, നസീറ ബാനു, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഷ്റഫ് വൈലത്തൂർ, ഷറഫുദ്ധീൻ കൊളാടി, റജീന ഇരിമ്പിളിയം, ഹബീബ് സി പി , ഷിഫ ഖാജ, മണ്ഡലം നേതാക്കളായ റഷീദ് രണ്ടത്താണി, കമറുദ്ധീൻ എന്നിവർ വ്യത്യസ്ത കേന്ദ്രങ്ങളിൽ സംസാരിച്ചു. ചടങ്ങിന് പൊന്നാനി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി സ്വാഗതവും സെക്രട്ടറി സി വി ഖലീൽ നന്ദിയും പറഞ്ഞു.
ഫോട്ടോ: വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ഗണേഷ് വടേരി എന്നിവർ നയിച്ച ജാഥയുടെ സമാപന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ സംസാരിക്കുന്നു.