തീര്‍ത്ഥാടനത്തിനൊപ്പം ഈസ്റ്റേണ്‍ യൂറോപ്പിലെ 7 പ്രധാന രാജ്യങ്ങളിലെ തലസ്ഥാന നഗരികളും സന്ദര്‍ശിച്ച 47 അംഗങ്ങള്‍ ഉള്‍പ്പെടുന്നൊരു യാത്രാ സംഘത്തിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. വിദേശ യാത്രകളും തീര്‍ത്ഥാടനവും സംഘടിപ്പിക്കുന്നതില്‍ അനുഭവസമ്പന്നരായ ഫെയിത്ത് ഹോളിഡേസിനൊപ്പമായിരുന്നു മോര്‍ട്ടണ്‍ ഗ്രോവ് സെയിന്‍റ് മേരീസ് ക്നാനായ പാരീഷ് വികാരിയും, ചിക്കാഗോ സെയിന്‍റ് തോമസ് രൂപതാ വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലും സംഘവും ഈ പര്യടനം നടത്തിയത്. നവംബര്‍ ഒന്നിന് ചിക്കാഗോയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘം, സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് വഴി നവംബര്‍ രണ്ടിന് പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയിലെത്തി. പോളണ്ടിനൊപ്പം ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, കൊറേഷ്യ, ബോസ്നിയ – ഹെര്‍സെഗൊവിനാ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നവംബര്‍ 13 ഞായറാഴ്ച സംഘം ചിക്കാഗോയില്‍ തിരിച്ചെത്തി. ഭൂരിപക്ഷം യാത്രികരും ബന്ധുക്കളോ, സുഹൃത്തുക്കളോ, പരിചിതരോ ആയിരുന്നതിനാല്‍ യാത്രയിലുടനീളം ഒരു കുടുംബാന്തരീക്ഷം നിലനില്‍ക്കുകയും വിരസത തെല്ലും അനുഭവപ്പെടാത്തൊരു തീര്‍ത്ഥാടനമായി മാറുകയും ചെയ്തു ഈ വിദേശ യാത്ര.
നവംബര്‍ 2, സായാഹ്നം ബസില്‍ വാര്‍സോയുടെ പ്രധാന വീഥികളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയാണ് കാഴ്ചകള്‍ ആരംഭിച്ചത്. പിറ്റേന്ന് രാവിലെ കാല്‍നടയായി ഗൈഡിനൊപ്പം ഈ വീഥികളിലൂടെ ഒരിക്കല്‍ കൂടി കത്തീഡ്രല്‍, ജൂവിഷ് മ്യൂസിയം, പ്രസിഡന്‍ഷ്യല്‍ പാലസ്, വാര്‍സോ യൂണിവേഴ്സിറ്റി ഇവയെല്ലാം അപ്പോള്‍ കണ്ടതില്‍ ചിലത്. പ്രധാന വീഥിയിലൊരിടത്ത് പാറിയിരുന്നൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാനര്‍ സംഘാംഗങ്ങളില്‍ കൗതുകം ഉളവാക്കി. മുഷ്ടി ചുരുട്ടാതെങ്കിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനായി ചിലരെല്ലാം സെല്‍ഫി എടുക്കുകയും ചെയ്തു. കവര്‍ന്നെടുത്ത അധികാരവുമായി സോവിയറ്റ് യൂണിയന്‍റെ തണലില്‍ 1946 – 1989 വരെ പോളണ്ടില്‍ ഒരു സ്വേച്ഛാധിപത്യ ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെ ലേവലേസായും അദ്ദേഹം നയിച്ച സോളിഡാരിറ്റി പ്രസ്ഥാനവും ചേര്‍ന്ന് അധികാരത്തില്‍ നിന്ന് പടിയിറക്കി. 1990-ല്‍ പിരിച്ചുവിട്ട പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ 2002-ല്‍ പുനര്‍ജീവിപ്പിച്ചെങ്കിലും ജനഹൃദയങ്ങള്‍ കീഴടക്കാനാകാതെ ഇപ്പോഴും ശരശയ്യയില്‍ തന്നെ ആ പ്രസ്ഥാനം അവിടെ.
പോളണ്ടിലെ തന്നെ ചെസ്റ്റൊഹോവായായിരുന്നു സംഘത്തിന്‍റെ അടുത്ത ലക്ഷ്യം. ബഹുഭൂരിപക്ഷം കത്തോലിക്കാ വിശ്വാസികളായ പോളണ്ടിന്‍റെ ആരാധനാമൂര്‍ത്തിയായി പ്രഖ്യാപിച്ചിട്ടുള്ള ബ്ലാക്ക് മഡോണ പെയിന്‍റിംഗ് സൂക്ഷിച്ചിട്ടുള്ളത് ഇവിടുത്തെ ജെസ്നാ ഗോറാ മൊണാസ്ട്രിയിലാണ്. 1384 മുതല്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ള ഊണ്ണീശോയോടൊപ്പമുള്ള കന്യകാമറിയത്തിന്‍റെ കറുത്ത നിറത്തിലുള്ള ഈ പെയിന്‍റിങ് കാണുവാന്‍ മില്യണിലധികം ഭക്തര്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. സമാധാനത്തിന് ലേ വലേസായ്ക്ക് ലഭിച്ച നോബല്‍ പുരസ്കാര ഫലകം ഈ ദേവാലയത്തിന് സമ്മാനമായി നല്‍കി. അമേരിക്കയില്‍ മിസ്സൂറിയിലെ ബ്ലാക്ക് മഡോണാ ഷ്രൈനിലും ഔവര്‍ ലേഡി ഓഫ് ഫെര്‍ഗുസണിലും ബ്ലാക്ക് മഡോണാ പെയിന്‍റിംഗിന്‍റെ കോപ്പികള്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നുണ്ട്.
ലോകചരിത്രത്തില്‍ എക്കാലവും കറുത്ത അടയാളമായി നിലനില്‍ക്കുകയും ഓര്‍മ്മിക്കല്‍ പോലും ഭീതി ജനിപ്പിക്കുന്നതുമായ ജൂത കൂട്ടക്കുരുതിക്ക് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്സിലേക്കായിരുന്നു സംഘത്തിന്‍റെ അടുത്ത യാത്ര. 1.1 മില്യണ്‍ ജൂതര്‍ ഓഷ്‌വിറ്റ്സില്‍ മാത്രം ഗ്യാസ് ചേംബറുകളില്‍ വിഷവാതകം ശ്വസിച്ചും വെടിയേറ്റും കഴുമരത്തില്‍ തൂങ്ങിയും നിഷ്കരുണം വധിക്കപ്പെട്ടു. ക്രൂരതയുടെ പര്യായമായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് യഹൂദ വംശജരോടുള്ള അടങ്ങാത്ത പകയും അസൂയയും ഒന്നുമാത്രമാണ് ജര്‍മ്മനിയിലും പോളണ്ടിലും യൂറോപ്പിലെ ഇതര രാജ്യങ്ങളിലുമായി 6 മില്യണിലധികം യഹൂദ ജനതയെ കൊന്നൊടുക്കിയ ഹോളോകോസ്റ്റ് ദുരന്തത്തിലേക്ക് നയിച്ചത്. ഈ ഹതഭാഗ്യരില്‍ ആരും സ്വയം തെരഞ്ഞെടുത്തതല്ല യഹൂദ വംശത്തിലെ അവരുടെ ജന്മം. യഹൂദരോട് അനുകമ്പ പ്രകടിപ്പിച്ച സ്വദേശികളും അവിടെ വധിക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള 1 ബില്യണിലധികം വരുന്ന കത്തോലിക്കരില്‍ ഏറെയും ഉരുവിടുന്ന കരുണ കൊന്തയ്ക്ക് തുടക്കം കുറിച്ച സെന്‍റ് ഫൗസ്റ്റീന, സന്യസ്ത ജീവിതം നയിച്ച ഔവര്‍ ലേഡി ഓഫ് മേഴ്സി കോണ്‍വെന്‍റ് സന്ദര്‍ശിച്ചുകൊണ്ട് അടുത്ത ദിനത്തിലെ യാത്ര ആരംഭിക്കുന്നത്. ലാഗിവിനിക്കിയില്‍ സ്ഥിതി ചെയ്യുന്ന ഈ കോണ്‍വെന്‍റിലാണ് 1938-ല്‍ 32-ാമത്തെ വയസ്സില്‍ അവര്‍ മരണമടഞ്ഞത്. അതിനു മുമ്പുള്ള ഏതാനും വര്‍ഷങ്ങള്‍ സിസ്റ്റര്‍ ഫൗസ്റ്റീനായ്ക്ക് യേശുക്രിസ്തു നേരില്‍ പ്രത്യക്ഷപ്പെട്ട് നിരന്തരം സന്ദേശങ്ങള്‍ നല്‍കിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രസ്തുത സന്ദേശങ്ങളെല്ലാം അവിടുത്തെ കോമ്പൗണ്ട് വാളില്‍ പെയിന്‍റില്‍ എഴുതിവെച്ചിട്ടുണ്ട്. അത്തരത്തില്‍ ലഭിച്ചൊരു സന്ദേശത്തിലെ നിര്‍ദ്ദേശമായിരുന്നു കരുണ കൊന്ത ലോകമെമ്പാടുമുള്ള ജനതയില്‍ പ്രചരിപ്പിക്കുവാന്‍. സിസ്റ്ററുടെ കബറിടവും അവിടെതന്നെ. പോളണ്ടില്‍നിന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ തലവനായി ഉയര്‍ത്തപ്പെട്ട പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 2000-ാം ആണ്ടില്‍ സിസ്റ്റര്‍ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെ. ഫൗസ്റ്റീനായുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചതും അവിടുത്തെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതും ലേഖകന്‍റെ ഭാര്യ ലൈസമ്മയ്ക്കും തീര്‍ത്ഥാടക സംഘത്തിലെ മറ്റ് പലര്‍ക്കും സ്വപ്നസാഫല്യമായി മാറി.
1596 വരെ പോളണ്ടിന്‍റെ തലസ്ഥാനമായിരുന്ന കാര്‍ക്കോവിലേക്കാണ് ഞങ്ങള്‍ തുടര്‍ന്ന് പോയത്. യൂറോപ്പിലെ ഏറ്റവും മനോഹര നഗരങ്ങളില്‍ ഒന്നായി കരുതുന്ന കാര്‍ക്കോവിലെ വര്‍ണ്ണക്കാഴ്ചകള്‍ കാണുവാന്‍ കാല്‍നടയായി പുറപ്പെട്ട ഞങ്ങളുടെ ആവേശം തുടര്‍ച്ചയായി പെയ്ത മഴ തെല്ലൊന്നു കെടുത്തി കളഞ്ഞു. അവിടുത്തെ പഴയ രാജകൊട്ടാരം പ്രസിദ്ധമാണ്. കാര്‍ക്കോവിലെ ആര്‍ച്ച് ബിഷപ്പായിരുന്ന കാര്‍ഡിനല്‍ കരോള്‍ ഒട്ടേവായാണ് 1978-ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനായി അവരോധിക്കപ്പെട്ടത്.
പിറ്റേന്ന് രാവിലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ജനിച്ചു വളര്‍ന്ന വാദോവീസെയിലെത്തിയ സംഘം, ഇപ്പോള്‍ നവീകരിച്ച് മ്യൂസിയമാക്കിയിട്ടുള്ള അദ്ദേഹത്തിന്‍റെ ബാല്യകാല ഭവനവും അതോട് ചേര്‍ന്നുള്ള ദേവാലയവും സന്ദര്‍ശിച്ചു. ഈ ദേവാലയത്തിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ ജ്ഞാന സ്നാനവും കണ്‍ഫര്‍മേഷനും സ്വീകരിച്ചത്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തിന്‍റെ ജീവിതത്തിലെയും പാപ്പാസിയിലേയും സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളും ലോകത്തിന് നല്‍കിയ സ്നേഹ, സമാധാന, സാഹോദര്യ സന്ദേശങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ അദ്ദേഹം സന്ദര്‍ശിച്ച 135 രാജ്യങ്ങളുടെ നാമവും. അവയില്‍ ഇന്ത്യയ്ക്കൊപ്പം കേരളാ എന്നുകൂടി ചേര്‍ത്തിട്ടുള്ളത് മലയാളി മനസ്സുകള്‍ക്ക് അഭിമാനമായി.
വിശാലമായൊരു പോളണ്ട് പര്യടനത്തിന് 5 ദിനങ്ങള്‍ തികച്ചും പര്യാപ്തമല്ല. എങ്കിലും മുന്‍ നിശ്ചയിച്ചിരുന്ന പ്രോഗ്രാം അനുസരിച്ച് ടൂര്‍ ബസ്സിന് മുന്നോട്ട് കുതിക്കേണ്ടിയിരുന്നു. ദീര്‍ഘമായൊരു ഓട്ടത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത് ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരിയായ പ്രാഗിലാണ്. ഒരു മുഴുദിന പര്യടനത്തിനിടയില്‍ പ്രാഗിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ലൊറൊട്ടയും അവിടെ നൂറ്റാണ്ടുകളായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിലും വജ്രത്തിലും പണിതീര്‍ത്ത അതിമനോഹരമായ പൂജാ വസ്തുക്കളുടെ വന്‍ശേഖരവും കണ്ടു. പഴയകാല ചെക്ക് രാജകുടുംബാംഗങ്ങളുടെയും ഭരണകൂടങ്ങളുടെയും പ്രൗഢി വിളിച്ചോതുന്ന പ്രസിഡന്‍ഷ്യല്‍ പാലസും, പ്രസിദ്ധമായ ഇന്‍ഫന്‍റ് ജീസസ്സ് ചര്‍ച്ചും സന്ദര്‍ശിച്ച്, വിദേശ സഞ്ചാരികള്‍ തിങ്ങിക്കൂടുന്ന ചാള്‍സ് ബ്രിഡ്ജിലെത്തി ഞങ്ങള്‍. വിതാവാ നദിക്ക് മുകളിലൂടെ 1402-ല്‍ പണിതീര്‍ത്ത ഈ പാലമാണ് പുരാതന നഗരവും രാജകൊട്ടാരവുമായി ബന്ധിപ്പിക്കുന്നത്. അവിടുത്തെ ടൗണ്‍ഹാളില്‍ 1385-ല്‍ സ്ഥാപിച്ച ഒരു ‘അസ്ട്രോണമിക്കല്‍ ക്ലോക്ക്’ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മറ്റൊരു കാഴ്ചയാണ്.
തുടര്‍ച്ചയായ യാത്രയും തുച്ഛമായ ഉറക്കവും സംഘത്തിലാരുടെയും ആവേശം ഒട്ടും കെടുത്തിയില്ല. ഓസ്ട്രിയായുടെ തലസ്ഥാന നഗരിയായ വിയന്ന ആയിരുന്നു അടുത്ത ലക്ഷ്യം. വഴിമദ്ധ്യേ ബനഡിക്ടിന്‍ സന്യാസ സമൂഹത്തിന് ലിയോപോള്‍ഡ് രണ്ടാമന്‍ രാജാവില്‍ നിന്നും ദാനം ലഭിച്ച മെല്‍ക്ക് ആബി സന്ദര്‍ശിച്ചു. ഡാനുബേ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ആശ്രമമാണ് നൂറ്റാണ്ടുകളായി ഓസ്ട്രിയായിലെ വിശ്വാസ നവീകരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. രാത്രി 8 മണിയോടുകൂടി വിയന്നയിലെത്തിയ ഞങ്ങള്‍ വരുന്നതറിഞ്ഞ് ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും സഹപാഠികളുമായി നിരവധി പേര്‍ ഹോട്ടല്‍ ലോബിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുളവനാല്‍ അച്ചനുമുണ്ടായിരുന്നു ചില സന്ദര്‍ശകര്‍. രാത്രി ഏറെ വൈകി മടങ്ങിയ അവര്‍ക്കൊപ്പം ചെലവഴിച്ച സമയമത്രയും ബാല്യ, കൗമാര, യൗവ്വന സ്മരണകള്‍ പുതുക്കുവാനും കുടുംബ, തൊഴില്‍ വിശേഷങ്ങള്‍ പങ്കുവെക്കുവാനും അവസരമായി. വിയന്നയില്‍ ഓസ്ട്രിയായിലെ ഏറ്റവും പുരാതനവും പ്രസിദ്ധവുമായ സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ സന്ദര്‍ശിച്ച് നഗരത്തിന്‍റെ ഹൃദയഭാഗത്തുകൂടിയൊരു ബസ്സ് ടൂറും നടത്തി. ഈ ചുറ്റലില്‍ ജനീവ, ന്യൂയോര്‍ക്ക്, നെയ്റോബി എന്നീ നഗരങ്ങള്‍ക്കൊപ്പം വിയന്നയിലും പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനവും കണ്ടു.
വിയന്നയില്‍നിന്നും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള യാത്രാമദ്ധ്യേ 6 മില്യണില്‍ താഴെ മാത്രം ജനസംഖ്യയുള്ള സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാട്ടിസ്ലാവായില്‍ ഒരു വാക്കിംഗ് ടൂറിന് സമയം ലഭിച്ചു. ഭക്ഷണപ്രിയരുടെ പറുദീസയാണ് സ്ലോവാക്യ. ഇവിടെ ഇന്ത്യയില്‍നിന്നുള്ള ടാറ്റാ, മേത്താ ഗ്രൂപ്പുകള്‍ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. നഗര മദ്ധ്യത്തിലെ പഴയൊരു കെട്ടിടത്തിന്‍റെ ചുവരില്‍, ഇന്ത്യയുടെ രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രിയപുത്രി ഇന്ദിരാ ഗാന്ധിയുമൊത്ത് 1938-ല്‍ ബ്രാട്ടിസ്ലാവാ സന്ദര്‍ശിച്ചതായും പ്രസ്തുക കെട്ടിടത്തില്‍ തങ്ങിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ദൃഢവും മികച്ചതും അനുയോജ്യവുമായൊരു ഭരണ സമ്പ്രദായം കണ്ടെത്തുവാനായി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ദൗത്യത്തിന്‍റെ ഭാഗമായിരുന്നു അദ്ദേഹത്തിന്‍റെ ഈ സന്ദര്‍ശനവും. രാഷ്ട്ര മീമാംസയിലും തന്ത്രജ്ഞതയിലും ദേശ സ്നേഹത്തിലും ജവഹര്‍ലാല്‍ നെഹ്റുവിന് അതീതരായി അനേകം പേര്‍ ഇന്ത്യയിലുണ്ടായിട്ടില്ല. രാത്രി ബുഡാപെസ്റ്റില്‍ എത്തി ഡിന്നര്‍ കഴിച്ചപ്പോള്‍, ഒരേ ദിവസം 3 വ്യത്യസ്ത വിദേശരാജ്യങ്ങളില്‍ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ കഴിച്ചെന്നുള്ള അസുലഭ അനുഭവമായിരുന്നു സംഘത്തിന്.
ബുഡാപെസ്റ്റ് നഗരസന്ദര്‍ശനവും മുഖ്യമായും കാല്‍നടയായിരുന്നു. അച്ചന്‍റെ ക്ഷണം സ്വീകരിച്ച് കോട്ടയം സ്വദേശിനി മരിയയും ഞങ്ങളോടൊപ്പം ചേര്‍ന്നു. ബുഡാപെസ്റ്റില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയതായിരുന്നു മരിയ. സായാഹ്നം അവളുടെ സഹോദരന്‍ ഉണ്ണിയും ഞങ്ങളെ സന്ദര്‍ശിച്ചു. ഹംഗറിയുടെ പ്രഥമ രാജാവിന്‍റെ നാമധേയത്തിലുള്ള സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു അന്നത്തെ യാത്ര തുടങ്ങിയത്. 1905-ല്‍ കൂദാശ ചെയ്യപ്പെട്ട ബൃഹത്തായ ഈ ദേവാലയത്തിന്‍റെ നിര്‍മ്മാണത്തിന് നീണ്ട 54 സംവത്സരങ്ങള്‍ വേണ്ടിവന്നു. രാജാവിന്‍റെ വലതുകൈ തിരുശേഷിപ്പായി ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിട്ടുണ്ട്. ലഞ്ചിനിടയില്‍ കേരളത്തില്‍ നിന്നും ബിസിനസ്സ് ടൂര്‍ ഗ്രൂപ്പിനൊപ്പമെത്തിയ സുഹൃത്തുക്കളെ അവിചാരിതമായി കാണുവാനുണ്ടായ ഭാഗ്യം തൊടുപുഴയില്‍ നിന്നുള്ള സഹയാത്രികര്‍ക്ക് ഹൃദ്യമായൊരു അനുഭവമായിരുന്നു. ത്വരിതഗതിയില്‍ കുശലാന്വേഷണത്തിനുള്ള അവസരവും. ബുഡാപെസ്റ്റിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ ഡാനുബേ ക്രൂസ്സ് ഹൃദ്യമായൊരു അനുഭവമായിരുന്നു. ദൈര്‍ഘ്യം അല്പം നീണ്ടിരുന്നുവെന്ന് ഏവരും ആഗ്രഹിച്ചു. പാര്‍ലമെന്‍റ് മന്ദിരം ഉള്‍പ്പെടെ നഗരത്തിലെ മുഖ്യ ഔദ്യോഗിക കാര്യാലയങ്ങള്‍ ഡാനുബേ റിവറിന്‍റെ ഇരുവശവും ദീപാലങ്കാരത്താല്‍ പ്രശോഭിച്ച് നില്‍ക്കുന്ന കാഴ്ച ക്രൂസില്‍ നിന്ന് വീക്ഷിക്കുന്നത് ടൂറിസ്റ്റുകളെ ഒരിക്കല്‍ക്കൂടി അവിടേക്ക് എത്താന്‍ കൊതിപ്പിക്കും തീര്‍ച്ചയായും.
ടൂര്‍ പ്രോഗാമില്‍ അവശേഷിച്ചത് കൊറേഷ്യയും ബോസ്നിയാ – ഹെര്‍സെഗോവിനാ എന്നീ രാജ്യങ്ങളായിരുന്നു. ഈ രാജ്യങ്ങളില്‍ പ്രവേശിക്കുവാന്‍ അതിര്‍ത്തിയില്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് വിധേയപ്പെടണം. അനേകായിരം ഏക്കര്‍ വിസ്തൃതിയില്‍ വെള്ളച്ചാട്ടവും ക്രൂസ്സിനും ഹൈക്കിംഗിനും അവസരവുമുള്ള പ്ലിറ്റ് വിസ്സ് നാഷണല്‍ പാര്‍ക്കാണ് വിദേശ സഞ്ചാരികളെ മുഖ്യമായും കൊറേഷ്യയിലേക്ക് ആകര്‍ഷിക്കുന്നത്. തുടര്‍ച്ചയായ മഴയും ഇമിഗ്രേഷനിലുണ്ടായ സമയനഷ്ടവും മൂലം മദ്ധ്യാഹ്നം വൈകി മാത്രമാണ് ടൂര്‍ ഗ്രൂപ്പിന് പ്ലിറ്റ് വിസ്സില്‍ എത്താനായത്. എത്താനുണ്ടായ താമസം മൂലം പരിഭവിച്ച് പോയ ഗൈഡിന്‍റെ അഭാവത്തില്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് വെള്ളച്ചാട്ടവും മറ്റു ചില കാഴ്ചകളും കണ്ട് 2 മണിക്കൂര്‍ നേരം ഞങ്ങള്‍ അവിടെ ചെലവഴിച്ചു. മജഗുറിയായിരുന്നു അടുത്ത ലക്ഷ്യം. കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുന്ന മജഗുറി മല കയറുവാനുള്ള ആവേശവും ആകാംക്ഷയും പ്ലിറ്റ് വിസ്സിലുണ്ടായ നിരാശ അവഗണിക്കാന്‍ ഭക്തമനസ്സുകളെ തയ്യാറാക്കി.
ബോസ്നിയാ – ഹെര്‍സഗൊവിനായിലെ മലനിരകളാല്‍ നിബിഢമായ മജഗുറി 1981 വരെ ഒരവികസിത ഗ്രാമമായിരുന്നു. ഈ ഗ്രാമത്തിന്‍റെ ഭാഗധേയം തിരുത്തിക്കൊണ്ട് മരിയ ഭക്തരുടെ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടമിപ്പോള്‍. 1981 ജൂണ്‍ 24-ന് കന്യകാ മാതാവ് അവിടുത്തെ ഒരു മലമുകളില്‍ 6 കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് അവര്‍ക്കൊരു സന്ദേശം നല്‍കി. അതിപ്രകാരമായിരുന്നു: “ദൈവമാണ് എന്നെ ഭൂമിയിലേക്ക് അയച്ചത്. ഞാന്‍ സമാധാനത്തിന്‍റെ രാജ്ഞിയാണ്. ഞാന്‍ ഈ ലോകത്ത് ചെലവഴിക്കുന്ന കാലമത്രയും അനുഗൃഹീതമാണ്.” മറ്റൊരു സന്ദേശത്തില്‍ കന്യകാ മാതാവ് അവരോട് അരുളി ചെയ്തു. “ദൈവം സത്യമാണ്. ജനങ്ങള്‍ എല്ലാവരും ദൈവത്തിങ്കലേക്ക് മടങ്ങണം” എന്നും. കൃത്യമായ ഇടവേളകളില്‍ ഇപ്പോള്‍ മദ്ധ്യവയസ്കരായി സാധാരണ ജീവിതം നയിക്കുന്ന ഇവര്‍ക്ക് കന്യകാ മാതാവ് പ്രത്യക്ഷപ്പെടാറുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അപ്പോള്‍ അവിടെ ഭരണത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ഈ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന നിലപാട് സ്വീകരിച്ചു. ലോക്കല്‍ ബിഷപ്പിനും അതേ സമീപനമായിരുന്നു. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് ഭക്തജനങ്ങള്‍ മജഗുറിയിലേക്ക് ഒഴുകി. ആ ഒഴുക്ക് തുടര്‍ന്നുകൊണ്ടേയിരിക്കും. മാതാവിന്‍റെ മജഗുറിയിലെ പ്രത്യക്ഷപ്പെടലിന് വത്തിക്കാന്‍റെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. എങ്കിലും അങ്ങോട്ടുള്ള തീര്‍ത്ഥാടനത്തിന് വൈദികര്‍ക്കോ ഭക്തര്‍ക്കോ വിലക്കുകള്‍ ഏതും ഏര്‍പ്പെടുത്തിയിട്ടില്ല.
സമര്‍ത്ഥനായൊരു ഗൈഡിനൊപ്പം തീര്‍ത്ഥാടക സംഘം മാതാവ് പ്രത്യക്ഷപ്പെട്ട മലമുകളിലേക്ക് കയറുമ്പോള്‍ അവിടെല്ലാം ഇരുട്ട് വ്യാപിച്ചിരുന്നു. ദുര്‍ഘടമായ പാതയുടെ ഇരുവശവുമുള്ള മങ്ങിയ ബള്‍ബുകളും മൊബൈല്‍ ഫോണ്‍ ലൈറ്റുകളുമാണ് മലകയറ്റത്തിന് സഹായകമായത്. കൊന്ത നമസ്കാരം ഉരുവിട്ടുകൊണ്ടുള്ള കയറ്റം ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. പരിഭ്രമിച്ചവര്‍ക്കും ക്ലേശം അനുഭവിച്ചവര്‍ക്കും, അച്ചനും സംഘത്തിലെ യുവാക്കളും താങ്ങും ധൈര്യവും പകര്‍ന്ന് കൂടെ നിന്നു. ഒരു വിശ്വാസ സമൂഹത്തിന് വേണ്ടിയ ഒരുമയുടെയും കരുതലിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഉത്തമ ദൃഷ്ടാന്തമായിരുന്നു അവിടെ പ്രകടമായത്. പിറ്റേന്ന് പകല്‍ മുഴുവന്‍ സംഘം മജഗുറിയില്‍ ചെലവഴിച്ചു. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു. കുരിശിന്‍റെ വഴി നടന്നു. ഷോപ്പിംഗിനായി നിരവധി കടകള്‍ കയറിയിറങ്ങാനും അവസരമുണ്ടായി. പ്രഭാതത്തില്‍ അച്ചനും ചെറിയൊരു സംഘവും സമീപത്തുള്ള ദുര്‍ഘടമേറിയ മറ്റൊരു മല കയറി. ഏതാനും പേര്‍ മാതാവ് പ്രത്യക്ഷപ്പെട്ട “അപ്പാറിഷന്‍ ഹില്‍” പകല്‍ വെളിച്ചത്തില്‍ ഒരിക്കല്‍ക്കൂടി കയറി പ്രാര്‍ത്ഥിച്ചു.
മടക്കയാത്ര പിറ്റേന്ന് രാവിലെ ബോസ്നിയായിലെ തന്നെ സരായാവെയില്‍ നിന്നായിരുന്നു. സായാഹ്നം മജഗുറിയോട് യാത്ര പറഞ്ഞ് യാത്രാസംഘം അങ്ങോട്ട് തിരിച്ച്, അവിടെ അന്തിയുറങ്ങി. നവംബര്‍ 13-ന് പുലര്‍ച്ചെ സംഘത്തെ സുരക്ഷിതരായി സരായാവെ എയര്‍പോര്‍ട്ടില്‍ കൊണ്ടിറക്കിയപ്പോള്‍ ഡ്രൈവര്‍ കോണ്‍കോര്‍ഡിന് വലിയൊരു ദൗത്യം ഭംഗിയായി നിര്‍വഹിച്ചതിന്‍റെ ചാരിതാര്‍ത്ഥ്യം തോന്നിയിട്ടുണ്ടാകും. നവംബര്‍ 2-ന് വാര്‍സോ എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിച്ചതു മുതല്‍ 13-ന് സരായാവെയില്‍ ഇറക്കും വരെ 11 നാള്‍, വളയം കൈമാറാന്‍ മറ്റൊരു ഡ്രൈവറുടെ സഹായമില്ലാതെ തുടര്‍ച്ചയായി ബസ്സ് ഓടിച്ച അദ്ദേഹത്തിന്‍റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയ്ക്കും ഉത്തരവാദിത്ത ബോധത്തിനും യാത്ര പറയുമ്പോള്‍ ‘താങ്ക്യു’വിനൊപ്പം ഒരു ബിഗ് സല്യൂട്ടും നല്‍കാന്‍ സംഘാംഗങ്ങള്‍ ആരും മറന്നില്ല.
കൃത്യമായ പ്ലാനിംഗിനും തയ്യാറെടുപ്പിനുമൊപ്പം അനുഭവവും ആത്മാര്‍ത്ഥതയും ആത്മവിശ്വാസവുമുള്ള നേതൃത്വങ്ങള്‍ ചുമതല വഹിക്കുമ്പോള്‍ നീണ്ട തീര്‍ത്ഥാടനങ്ങളും വിദേശ പര്യടനങ്ങളും വിജയകരമായി ഭവിക്കും. വിശ്വസ്തനായൊരു ഇടയനു വേണ്ടിയ സവിശേഷതകളുള്ള മുളവനാല്‍ അച്ചന് ട്രസ്റ്റികളും ശുശ്രൂഷകരും പ്രയര്‍ ഗ്രൂപ്പും എന്‍റര്‍ടൈന്‍മെന്‍റ് ടീമും നല്‍കിയ ആത്മാര്‍ത്ഥ പിന്തുണയാണ് ഈ യാത്രയുടെ വിജയത്തിനാധാരം. വാര്‍സോയില്‍ എത്തിയ നാള്‍ മുതല്‍ ദിനവും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ അച്ചന് സന്ദര്‍ശിച്ച ദേവാലയങ്ങളിലും ചാപ്പലുകളിലും ഹോട്ടല്‍ ലോബിയിലുമായി സൗകര്യം ഒരുക്കുവാന്‍ ടൂര്‍ മാനേജരും ഗൈഡുമായിരുന്ന സജി കുര്യന്‍ സദാ ശ്രദ്ധാലുവായിരുന്നു. യാത്രയിലുടനീളം സംഘം തങ്ങിയത് നിലവാരമുള്ള ഹോട്ടലുകളിലും അവിടെ ലഭിച്ചത് സമൃദ്ധമായ ഭക്ഷണവുമാണ്. യാത്രാവസാനം ആര്‍ക്കെങ്കിലും നിരാശ തോന്നിയിട്ടുണ്ടെങ്കില്‍ അത് ‘ഫസ്റ്റ് എയിഡ്’ ടീമിലെ ഞങ്ങളുടെ സഹോദരികള്‍ക്കാകും. പ്രാഥമിക ചികിത്സയ്ക്കു വേണ്ട മരുന്നുകളും പരിശോധനാ ഉപകരണങ്ങളുമായി എത്തിയ അവര്‍ക്ക് സുഹൃത്തുക്കളും ബന്ധുക്കളുമായ സംഘാംഗങ്ങള്‍ക്കിടയില്‍ തങ്ങള്‍ കൈവരിച്ച അറിവും അനുഭവവും പ്രാവീണ്യവും പ്രകടിപ്പിക്കാന്‍ ഒരവസരംപോലും ലഭിച്ചില്ല.
പകലിന് ദൈര്‍ഘ്യവും സൗഹൃദകാലാവസ്ഥയുമുള്ള ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാകും നീണ്ട യൂറോപ്യന്‍ പര്യടനത്തിന് അനുയോജ്യം. കരിങ്കല്ലും ഇഷ്ടികയും പാകിയ അവിടുത്തെ നടപ്പാതകളിലൂടെയും ഇടവഴികളിലൂടെയുമുള്ള നടത്തവും, സൗന്ദര്യ ബോധത്തോടു കൂടി ഏതാണ്ട് ഒരേ ഉയരത്തില്‍ പണികഴിച്ചിട്ടുള്ള നഗരവീഥികളിലെ ഇരുവശത്തെയും കെട്ടിടങ്ങളും, കല്പണിയുടെ മനോഹാരിതയും മാസ്മരികതയും പ്രദര്‍ശിപ്പിക്കുന്നതും പൂര്‍വ്വകാല പ്രൗഢിയും സമ്പത്തും ഓര്‍മ്മിപ്പിക്കുന്നതുമായ രാജ കൊട്ടാരങ്ങളും പ്രസിഡന്‍ഷ്യല്‍ പാലസ്സുകളും വിസ്മയിപ്പിക്കുന്ന കത്തീഡ്രല്‍ സീലിംഗ് പെയിന്‍റിംഗുകളും എല്ലാം ഒരിക്കല്‍ക്കൂടി സന്ദര്‍ശിച്ചാലും നമ്മെ മുഷിപ്പിക്കില്ല. കൗതുകവും, അതിശയവും ആകര്‍ഷകവുമായ എന്തൊക്കെയോ അവിടെ ഇനിയും ഒളിച്ചിരിപ്പുണ്ടാകും. എന്നാല്‍ ഔഷ് വിറ്റ്സിലെ കൊടും ക്രൂരതയുടെ ശേഷിപ്പുകള്‍ ഒരിക്കല്‍ക്കൂടി കാണുവാന്‍ മനസ്സിന് ത്രാണിയില്ല. അത്തരം കൂട്ടക്കുരുതികള്‍ ആവര്‍ത്തിക്കാന്‍ ഇടയില്ലെങ്കിലും, ലോകത്തിലെ വിവിധയിടങ്ങളില്‍ വര്‍ണ്ണത്തിന്‍റെയും വംശത്തിന്‍റെയും മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഒറ്റയ്ക്കും കൂട്ടമായും നിരപരാധികള്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സഹജീവികളോടുള്ള ക്രൂരതകളെ നിശ്ശബ്ദമായെങ്കിലും അപലപിക്കുവാനും അവയ്ക്ക് കാരണക്കാരാകുന്ന സാമൂഹിക വിരുദ്ധ ശക്തികളില്‍ നിന്ന് അകലം പാലിക്കുവാനും ഔഷ്വിറ്റ്സ് സന്ദര്‍ശനം ഒരു നിമിത്തമാകട്ടെ.