കോവിഡ് ജാഗ്രതാ നിര്‍ദ്ദേശം: എയർപോർട്ടുകളിൽ RTPCR നിർബന്ധം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിർദേശം. ഇതിനായി എയർ സുവിധ പോർട്ടൽ നടപ്പാക്കും. ഇന്ത്യയിലെത്തിയ ശേഷം കൊവിഡ് പോസിറ്റീവ് ആയവരെ ക്വാറന്റൈൻ ചെയ്യും. പരിശോധനാ ഫലം നെഗറ്റീവായവരെ ഹോം ക്വാറന്റൈനിലേക്ക് അയക്കും. ഈ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് വിമുക്തരാണെന്നും രോഗലക്ഷണങ്ങളില്ലെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൊണ്ടുവരണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധം, ആൾക്കൂട്ട നിയന്ത്രണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

രാജ്യത്ത് കോവിഡ് ബിഎഫ് 7 വേരിയന്റ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ മുൻകരുതൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്സവ സീസണും പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചു.

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പരിശോധന നിരക്ക് വര്‍ധിപ്പിക്കണം, ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികളെ പ്രത്യേകം നിരീക്ഷിക്കണം, ആശുപത്രിയില്‍ അടിയന്തര സൗകര്യങ്ങള്‍ ഒരുക്കണം പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം തുടങ്ങിയവയും നിർദേശത്തിലുണ്ട്. ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത പരിശോധിക്കാനും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News