കാസർകോട്: കാഞ്ഞങ്ങാട്ട് ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ. ഇവരിൽ ഒരാൾ കാപ്പ ചുമത്തി പോലീസ് നാടുകടത്തപ്പെട്ട പ്രതിയാണ്. മറ്റൊരാള്‍ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നടപടി നേരിട്ട ആളുമാണ്. വ്യാഴാഴ്‌ച രാത്രി ലഹരിമരുന്നുമായി പിടിയിലായ ഏഴാംമൈൽ പറക്കളായി സ്വദേശി റംഷീദിനെ (30) മാസങ്ങൾക്കു മുമ്പ് കണ്ണൂർ റേഞ്ച് ഡിഐജി കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടു കടത്തിയിരുന്നു.
പടന്നക്കാടുവെച്ച് വാഹന പരിശോധനയിലാണ് ഹോസ്ദുർഗ് പോലീസാണ് റംഷീദിനെയും സുബൈറിനെയും പിടികൂടിയത്. ഇവരില്‍ നിന്ന് 1.880 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സുബൈറിനെതിരെ മൂന്നു മാസം മുമ്പ് പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. പൊലീസ് സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കർ കല്ലായി, പൊലീസുകാരായ നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.
നാടു കടത്തപ്പെട്ട റംഷീദ് ജില്ലയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമായതോടെ പ്രതിക്കെതിരെ അമ്പലത്തറ പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.