ഡാളസ്: കേരളാ പെന്തകോസ്തൽ റൈറ്റേഴ്സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ) എന്നിവരെയാണ് എക്സിക്യൂട്ടിവ് സ്ഥാനത്തേയ്ക്ക് ഐക്യകണ്ഠേന ജനറൽ ബോഡി അംഗീകരിച്ചത്. ഡിസംബർ 18-ന് ഗാർലന്റിലെ മൗണ്ട് സിനായി ചർച്ചിൽ വച്ചുനടന്ന റൈറ്റേഴ്സ് ഫോറം വാർഷികയോഗത്തിൽ മുൻ ഭാരവാഹികളായ പാസ്റ്റർ ജോൺസൺ സഖറിയ(പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറർ) എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. കോവിഡിന്റെ പ്രതിസന്ധിഘട്ടത്തിലും നല്ല നിലയിൽ റൈറ്റേഴ്സ് ഫോറം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച മുൻ ഭാരവാഹികളെ ജനറൽബോഡി അഭിനന്ദിക്കുകയുണ്ടായി.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് മുല്ലയ്ക്കൽ എഴുത്തുകാരൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, പ്രഭാഷകൻ, സഭാശുശ്രൂഷകൻ എന്നീ നിലകളിൽ ക്രിസ്തീയ മണ്ഡലത്തിൽ സജീവമാണ്. എക്സ്പ്രസ് ഹെറാൾഡ് എന്ന ഓൺലൈൻ പത്രത്തിന്റെ പത്രാധിപർ കൂടിയായ രാജൂ തരകൻ ക്രിസ്തീയ- സെക്കുലർ സാഹിത്യമണ്ഡലത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ബിസിനസിനോടൊപ്പം ക്രൈസ്തവ മാദ്ധ്യമ രംഗത്തും തോമസ് ചെല്ലേത്ത് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോൺസൺ സഖറിയ, സാം മാത്യു, എസ് പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവരും പുതിയ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.