ഡാളസ്: മെസ്കീറ്റ് മാർ ഗ്രിഗോറിയോസ് ദേവാലയത്തില്‍ ഡിസംബര്‍ 25 ഞായറാഴ്ച തിരുപ്പിറവി ആഘോഷിച്ചു. രാവിലെ 7:30ന് പ്രഭാത പ്രാര്‍ത്ഥനയും, 8.30-നു തീജ്വാല ശുശ്രൂഷയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും റവ. ഫാ. മാര്‍ട്ടിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്നു. വെരി റവ. വി.എം തോമസ് കോര്‍ എപ്പിസ്‌കോപ്പ സഹകാര്‍മ്മികനായിരുന്നു.
ക്രിസ്മസ് സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിനമാണെന്നും, യുദ്ധങ്ങളും കലഹങ്ങളും നീങ്ങി ഈ ലോകത്തില്‍ ശാന്തിയുണ്ടാക്കുവാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്നിക്കണമെന്നും മാര്‍ട്ടിന്‍ അച്ചന്‍ തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി ഷോ, കരോള്‍ സംഘത്തിന്റെ ക്രിസ്മസ് പാട്ടുകള്‍, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള സമ്മാനങ്ങള്‍ കൈമാറല്‍, ക്രിസ്മസ് ലഞ്ച് എന്നിവയും ഉണ്ടായിരുന്നു.
ഡേവിഡ് ചെറുതോട്ടില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ക്രിസ്മസ് ആശംസാ കാര്‍ഡ് ഇടവകയിലെ എല്ലാവര്‍ക്കും കിട്ടിയത് മാര്‍ട്ടിന്‍ അച്ചന്‍ വായിച്ചു. അനേകം വിശ്വാസികള്‍ ഈവര്‍ഷത്തെ തിരുപ്പിറവിയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.