തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച കേരളത്തിലെ 56 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
ഈ വർഷം സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം നിരോധിച്ച പിഎഫ്ഐയുടെ കേഡറുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി ആളുകളുടെ സ്ഥലങ്ങളിലും ഓഫീസുകളിലും ഇപ്പോഴും റെയ്ഡുകള്‍ തുടരുകയാണ്.
ഡൽഹിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെയും തേടിയാണ് എൻഐഎ പരിശോധന.തിരുവനന്തപുരം ജില്ലയിലെ മൂന്നിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ ആണ് റെയ്ഡ് നടക്കുന്നത്. പി.എഫ്.ഐ തിരുവനന്തപുരം സോണൽ മുൻ പ്രസിഡൻറ് നവാസ് തോന്നയ്ക്കൽ, സംസ്ഥാന കമ്മിറ്റി മുൻ അംഗം സുൽഫി വിതുര, പി.എഫ്.ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈ.എസ്.പി ആർ.കെ.പാണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധന.
എറണാകുളം റൂറലിൽ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലുമാണ് പരിശോധന നടക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ പിഎഫ്ഐ നേതാവ് സുനീർ മൗലവിയുടെ വീട്ടിലും ഈരാറ്റുപേട്ട മുൻ ജില്ലാ സെക്രട്ടറി ബിഷുറുൽ ഹാഫിയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. അതേസമയം കണ്ണൂരിൽ പത്തിടങ്ങളിലാണ് എൻഐഎ പരിശോധന തുടരുന്നത്.
പോപ്പുലർ ഫ്രണ്ടിന് കൂടുതൽ സ്വാധീനമുള്ള കക്കാട്, കീഴ്ത്തള്ളി, മട്ടന്നൂർ, പഴയങ്ങാടി തുടങ്ങിയ ഇടങ്ങളിലാണ് റെയ്ഡ്. കക്കാട് പിഎഫ്ഐ നേതാവായിരുന്ന അഫ്സലിൻറെ വീട്ടിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കോഴിക്കോട് മൂന്നിടങ്ങളിലായി ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. മാവൂരിലും നാദാപുരത്തും പാലേരിയിലുമാണ് റെയ്ഡ്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. തേജസ് പത്രം മുൻ ചീഫ് എഡിറ്റർ അഡ്വ മുഹമ്മദ് റഫീഖിൻറെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി. കോഴിക്കോട് കുറ്റിക്കാട്ടൂരുള്ള വീട്ടിലാണ് ഐഎ സംഘം റെയ്ഡ് എൻ ചെയ്തത്.
പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധന ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ് എന്നാണ് സൂചന.
“ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായുള്ള PFI യുടെ അന്താരാഷ്ട്ര ബന്ധങ്ങളും” MHA പരാമർശിച്ചിട്ടുണ്ട്. കൂടാതെ, സംഘടനയുടെ ചില പ്രവർത്തകർ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ (ISIS) ചേരുകയും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകര പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഐഎസുമായി ബന്ധമുള്ള ഈ പിഎഫ്ഐ പ്രവർത്തകരിൽ ചിലർ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടു, ചിലരെ സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും അറസ്റ്റ് ചെയ്തിട്ടുണ്ട്.