തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ.
ആനാട് വേങ്കവിള തവലോട്ട്കോണം നാല് സെന്റ് കോളനി ജീനഭവനിൽ സുനിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ജോയ് ആന്റണിയെ കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
2013 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ജോയ് ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി സുനിതയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ചിന് സുനിതയ്ക്കു വന്ന ഫോൺകാളിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തലക്കടിച്ച് വീഴ്ത്തിയ ശേഷം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ചാണ് മണ്ണെണ്ണയൊഴിച്ച് ചുട്ടെരിച്ചത് . മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് സുനിതയെ തലക്കടിച്ചു വീഴ്ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിനുശേഷമാണ് സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും.
അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. തുഷാര രാജേഷ് എന്നിവർ ഹാജരായി.