തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശിന്റെ കവടിയാറിലെ ഫ്‌ളാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. പൂട്ടിയിട്ടിരുന്ന ഫ്‌ളാറ്റിന്റെ വാതിൽ തകർത്താണ് സംഘം അകത്ത് കടന്നത്.
ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ മൂന്ന് എടിഎം കാർഡുകൾ പോലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓം പ്രകാശിൻറെ കൂട്ടാളികൾ ആക്രമണത്തിനായി ഉപയോഗിച്ച വാഹനവും ഇതേ ഫ്ലാറ്റിൻറെ പാർക്കിംഗ് ഏരിയയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
ഓം പ്രകാശിന്റെ ഡ്രൈവർമാരായ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഓം പ്രകാശിനൊപ്പം ഇവർ ഒളിവിൽ പോയതെന്നാണ് പോലീസിന്റെ അനുമാനം.
എന്നാൽ അഭിഭാഷകരുടെ സഹായത്തോടെ ഇന്നലെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിമാൻഡിലുളള പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ജനുവരി എട്ടിന് പുലർച്ചെയാണ് പാറ്റൂരിൽ കൺസ്‌ട്രാക്ഷൻ കമ്പനിയുടമയായ നിധിൻ ഉൾപ്പെടെ നാലുപേരെ കാർ തടഞ്ഞുനിർത്തി ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.
തുടർന്ന് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഓം പ്രകാശ് ഉൾപ്പടെയുള്ളവർ ഒളിവിൽ പോവുകയായിരുന്നു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആരിഫും മറ്റ് ചിലരും ഊട്ടിയിലുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒളിവിൽ കഴിയവെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്റെ മകളുമായി ആരിഫ് നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസിന് വ്യക്തമായിരുന്നു.
അന്വേഷണം തുടരുന്നതിനിടെയാണ് ആരിഫ് ഉൾപ്പെടെയുള്ളവർ കോടതിയിൽ കീഴടങ്ങിയത്. സംഭവത്തിൽ പൊലീസും സംഘവും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയ സർക്കാർ, പേട്ട എസ്ഐയ്ക്കും മാഫിയ ബന്ധമുള്ള 24 സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ചൊവ്വാഴ്ച വൈകുന്നേരത്തിന് മുമ്പ് കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പട്ടികപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.