വിൽമിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയർ വിൽമിംഗ്ടണിലുള്ള വസതിയിൽ 12 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനെ തുടർന്ന് കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു.
ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9.45ന് ആരംഭിച്ച റെയ്ഡ് രാത്രി 10.30 വരെ നീണ്ടു. ബൈഡന്റെ വസതിയിൽ വർക്കിംഗ് ഏരിയ, ലിവിംഗ് റൂം, സ്റ്റോറേജ് സ്പെയ്സ് എന്നിവിടങ്ങളിൽ വിശദമായ പരിശോധന നടത്തിയതായി ബൈഡന്റെ പേഴ്സണൽ അറ്റോർണി ബോബു ബോവർ സ്ഥിരീകരിച്ചു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു രേഖകൾ പിടികൂടിയ വാർത്ത പുറത്തുവന്നതോടെ ബൈഡൻ പ്രതികരിച്ചത്. ബൈഡന്റെ വസതിയിൽ റെയ്ഡ് നടക്കുമ്പോൾ ബൈഡന്റെ പേഴ്സണൽ ലീഗ് ടീമംഗങ്ങളും വൈറ്റ്ഹൗസ് കൗൺസിൽസ് ഓഫിസും സ്ഥലത്തുണ്ടായിരുന്നു.
ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് വിവാദമായതോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. യുഎസ് ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകൾ പരിശോധിക്കണമെന്ന് സ്പെഷൽ കൗൺസിൽ റിച്ചാർഡ് എറിനോട് ആവശ്യപ്പെട്ടു. ജനുവരി 27 വരെയാണ് ഇതിനു സമയം നൽകിയിട്ടുള്ളത്.
ട്രംപിന്റെ ഫ്ലോറിഡാ മാർലോഗോയിൽ നിന്നുപിടിച്ചെടുത്ത രഹസ്യരേഖകളുടെ അന്വേഷണം ഒരു ഭാഗത്തു നടക്കുമ്പോൾ ബൈഡന്റെ വസതിയിൽ നിന്നുപിടിച്ചെടുത്ത രേഖകളുടെ അന്വേഷണം പുരോഗമിക്കുന്നു.