തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഭക്ഷണം വിളമ്പുന്നതില്‍ ചേരി തിരിവില്ലെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ആരോ തന്റെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയാൻ പറ്റുമോ? ഒരു രാഷ്ട്രീയ പാർട്ടിയും വിവാദം ഏറ്റെടുത്തിട്ടുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ഷംസീർ വ്യക്തമാക്കി.
കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നത് പ്രായോഗികമാണ്. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എ എൻ ഷംസീർ.
ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചു. ഇനിയത് തുറക്കേണ്ട ആവശ്യമില്ല. എല്ലാത്തിലും വിവാദമുണ്ടാക്കുന്നതാണ് കേരളത്തിന്റെ പൊതു സാഹചര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകൾ കൂടുതലായി വരുന്നിടത്ത് വെജിറ്റേറിയൻ ഭക്ഷണം നല്ലതാണ്. കുട്ടികളുടെ ശ്രദ്ധ പൂർണ്ണമായും അവർ പങ്കെടുക്കുന്ന പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അവർ എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കും. വെജിറ്റേറിയൻ ആകുന്നതാണ് കൂടുതൽ അഭികാമ്യമെന്ന് ഷംസീർ പറഞ്ഞു.
അതേസമയം കേരള നിയമസഭയുടെ എട്ടാം സമ്മേളനം 23ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുമെന്ന് സ്പീക്കർ പറഞ്ഞു. പ്രധാനമായും 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ ജനുവരി 23 മുതൽ മാർച്ച് 30 വരെയുള്ള ആകെ 33 ദിവസം സമ്മേളനം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും ഫെബ്രുവരി മൂന്നാം തീയതി ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ഫെബ്രുവരി ആറ് മുതൽ എട്ട് വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടത്തും. തുടർന്ന് ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകൾ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെയുള്ള സാമ്പത്തിക 13 ദിവസം, 2023-24 വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്തു.
കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതൽ നിയമസഭ വേദിയാകുന്നത്. ഗവർണറും സർക്കാറും തമ്മിലെ തർക്കങ്ങളും അനുനയവും, പൊലീസ്, ഗുണ്ട ബന്ധവുമെല്ലാം ഭരണപക്ഷത്തിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബഫർ സോൺ, പൊലീസ് ഗുണ്ട ബന്ധം, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും. സംസ്ഥാന സർക്കാർ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ അംഗീകാരം നൽകിയിരുന്നു.
മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം അംഗീകരിച്ചത് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചത്. മുമ്പ് പലവട്ടം നയപ്രഖ്യാപന പ്രസംഗത്തിൻറെ ഉള്ളടക്കത്തിൽ ഗവർണർ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവർണറെ പ്രകോപിപ്പിക്കാതെയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഇത്തവണ സർക്കാർ തയ്യാറാക്കിയത്. കേന്ദ്ര വിമർശനം കാര്യമായി ഇല്ല. സാമ്പത്തിക കാര്യങ്ങളിൽ കേരളത്തോട് അനുഭാവ പൂർണമായ സമീപനം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
നവകേരള സൃഷ്ടിയാണ് ഇത്തവണയും നയപ്രഖ്യാപനത്തിലെ മുഖ്യപരിപാടി. നേരത്തെ ഗവർണറോടുള്ള യുദ്ധ പ്രഖ്യാപനമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാൻ വരെ ആലോചിച്ചിരുന്നു സർക്കാർ. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ സർക്കാറിനെ വെള്ളം കുടിപ്പിച്ച ഗവർണർ പിന്നീടാണ് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് വിവാദം അലിഞ്ഞു തുടങ്ങിയതും നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ വർഷത്തെ സമ്മേളനം തുടങ്ങാൻ സാഹചര്യമായതും.
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: അതേസമയം കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി ഒമ്പത് മുതൽ 15 വരെ ഏഴു ദിവസം നിയമസഭാ മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം എല്ലാ വിഭാഗങ്ങളിലും ഏറെ പ്രശംസ പിടിച്ചു പറ്റിയതായി അദ്ദേഹം വ്യക്തമാക്കി.
അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകോത്സവത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ഒരുലക്ഷത്തിലധികം വിദ്യാർഥികൾ പുസ്തകോത്സവ വേല നിയമസഭ സന്ദർശിച്ചു.
പുസ്തകോത്സവത്തിനായി എത്തിച്ച വിദ്യാർത്ഥികൾക്ക് നിയമസഭ മ്യൂസിയം, നിയമസഭ ഹാൾ എന്നിവ കാണുന്നതിന് പുറമെ നേപ്പിയർ മ്യൂസിയവും മൃഗശാലയും സൗജന്യമായി സന്ദർശിക്കുന്നതിനും ക്രമീകരണം ഒരുക്കിയിരുന്നു. കൂടാതെ സ്കൂൾ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസിയുടെ സഹകരണത്തോടെ ഡബിൾ ഡാക്കർ ബസുകളിൽ സൗജന്യമായി നഗരം ചുറ്റുന്നതിനായുള്ള അവസരവും ഒരുക്കിയിരുന്നു. നിയമസഭാ മന്ദിരം പൂർണമായും പൊതുജനങ്ങൾക്കായി തുറന്നുവച്ചിരുന്ന ഈ ഭരണസമിതി ലക്ഷത്തോളം പേർ നിയമസഭ സന്ദർശിച്ചതായും എ എൻ ഷംസീർ പറഞ്ഞു.