74-ാമത് റിപ്പബ്ലിക് ദിനത്തിൽ വ്യാഴാഴ്ച രാജ്യത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു. “റിപ്പബ്ലിക് ദിനത്തിന് ഒരുപാട് ആശംസകൾ. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ ഞങ്ങൾ ഇത് ആഘോഷിക്കുന്നതിനാൽ ഇത്തവണ ഈ അവസരത്തിന് പ്രത്യേകതയുണ്ട്. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ സഹ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ!,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ വർഷത്തെ റിപ്പബ്ലിക് ദിന മുഖ്യാതിഥി ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സിസിയാണ്. അദ്ദേഹത്തിന് അരികിൽ 120 അംഗ ഈജിപ്ഷ്യൻ സംഘം കർത്തവ്യ പഥില്‍ മാർച്ച് ചെയ്യും. ഈ വർഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ തീം “ജൻ-ഭാഗിദാരി (ജനങ്ങളുടെ പങ്കാളിത്തം)” എന്നതാണ്.
ഉത്സവത്തിന്റെ പ്രധാന പരിപാടിയായ പരേഡ് ഡൽഹിയിലെ കർത്തവ്യ പഥില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുകയും ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യം, സാംസ്കാരിക പൈതൃകം, രാജ്യത്തിന്റെ പുരോഗതിയുടെയും നേട്ടങ്ങളുടെയും ദൃശ്യങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന വലിയ പരേഡിൽ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 17 ടാബ്ലോകളും വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ആറു ടാബ്ലോകളും ഉൾപ്പെടെ 23 ടാബ്ലോകള്‍ വരെ പ്രദർശിപ്പിക്കും.