ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരിപാടിയുടെ സ്ഥാപകനായ പ്രൊഫസർ റോഡ്‌നി എഫ്. മോഗിന്റെ വിയോഗത്തിൽ കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും അനുശോചനം രേഖപ്പെടുത്തി. കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പനും, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം സംയുക്ത പ്രസ്താവനയിലാണ് അനുശോചനം അറിയിച്ചത്. പ്രൊഫസർ റോഡ്‌നി എഫ്. മോഗ് മലയാളികൾക്കെല്ലാം തന്നെ ഒരു വലിയ സുഹൃത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം യഥാർത്ഥത്തിൽ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്നും അറിയിച്ചു.
ഡോ. മോഗ് ഇന്ത്യൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും (1966) മാഡിസണിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും (1973) നേടി. 1970-കളിൽ അദ്ദേഹം ആദ്യം മിസ്സൗറി സർവകലാശാലയിൽ ജോലി ചെയ്തു, പിന്നീട് സുവയിലെ സൗത്ത് പസഫിക് സർവകലാശാലയിൽ ഫുൾബ്രൈറ്റ് ഗവേഷകനായി, തുടർന്ന് മിഷിഗൺ-ആൻ അർബർ സർവകലാശാലയിൽ (1978-80) ഒരു ചെറിയ ജോലി. ഡോ. റോഡ്‌നി എഫ്. മോഗ് 1981-ൽ യൂണിവേഴ്‌സിറ്റിയിൽ ചേർന്നപ്പോൾ ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ മലയാളം പ്രോഗ്രാമിന് തുടക്കമിട്ടു. 2004-ൽ വിരമിക്കുന്നതുവരെ അദ്ദേഹം എല്ലാ തലങ്ങളിലും മലയാളം പഠിപ്പിച്ചു.
പാശ്ചാത്യ ലോകത്ത് കേരള സാംസ്കാരിക -ഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രൊഫസർ മോഗ് നിരവധി സുപ്രധാനമായ സംഭാവനകൾ നൽകി. തീക്ഷ്ണവും അർപ്പണബോധവുമുള്ള ഹൃദയത്തോടെ, മോഗ് എപ്പോഴും മലയാളി സമൂഹത്തിന് വേണ്ടി സംസാരിക്കുകയും സ്നേഹിക്കുകയും ചെയ്തു. കേരള അസ്സോസിയേഷന്റെ അഭ്യുദയകാംഷിയുമായിരുന്ന അദ്ദേഹം തന്റെ സാന്നിധ്യം കൊണ്ട് KAD ഓണാഘോഷങ്ങളിലൊന്നിൽ അതിഥി യായി എത്തി പ്രചോദനാത്മകമായ പ്രസംഗം നടത്തുകയും ചെയ്തിട്ടുണ്ട്.
അസോസിയേഷന്റെ പതിനായിരത്തിൽ പരം പുസ്തക ശേഖരമുള്ള മലയാളം ലൈബ്രറി ഉദ്ഘാടനം ചെയ്യുകയും തന്റെ ക്ലാസുകളിലൂടെ മലയാളം പഠിക്കാൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.