തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതൽ ഇഷ്ടമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയതിന്റെ ഓർമകളും താരം അഭിമുഖത്തിൽ ഓര്‍ത്തെടുത്തു.
ഭാവിയിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പട്ടം പറത്തിയത് കാണിക്കാൻ അന്ന് ഒരു സെൽഫിയും ഉണ്ടായിരുന്നില്ലല്ലോ എന്നും ഉണ്ണി മുകുന്ദൻ പുഞ്ചിരിയോടെ ചോദിക്കുന്നു. ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ സംഭവത്തെക്കുറിച്ചും ഗുജറാത്തിൽ വളർന്നു വന്ന താരം സംസാരിച്ചു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ:
ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ.
ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓർമ്മകളുണ്ട്.