നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിൻ്റെ ഭാഗമായി സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ കുറ്റപ്പുഴ ഇടവക വുമൺസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനവും കുഷ്ടരോഗ നിർമ്മാർജന ദിനാചരണവും നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ നടത്തി.
എടത്വ സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ആർ.എം.ഒ ഡോ. സ്മിത ഉദ്ഘാടനം ചെയ്തു. കുറ്റപ്പുഴ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു സോളമൻ സന്ദേശം നല്‍കി. വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി മീനു ജോബി, റ്റിൻ്റു സിജോ എന്നിവർ ചേർന്ന് ആശുപത്രിയിലെ രോഗികൾക്ക് ഉപയോഗിക്കാൻ ഉള്ള ഗ്രൈൻ്റർ, സോപ്പ് , ലോഷൻ എന്നിവ സൂപ്രണ്ട് ഡോ. പി.വി. വിദ്യക്ക് കൈമാറി. നഴ്സിംഗ് സൂപ്രണ്ടുമാരായ ഷീല എസ്.ഡി, ജയശ്രീ,സ്റ്റോർ സൂപ്രണ്ട് രാജേഷ്കുമാർ എസ്, സൗഹൃദ വേദി ജനറൽ സെക്രട്ടറി റെന്നി തോമസ്, സിസ്റ്റർ ഷാരോൻ, വുമൺസ് ഫെലോഷിപ്പ് അംഗങ്ങളായ ആശ ബിജു, പെനി ബിജു, ലിജി തോമസ്, ദിവ്യ സുനിൽ, എലിസബത്ത് വിപിൻ എന്നിവർ നേതൃത്വം നല്‍കി.
ഗാന്ധിജിക്ക് കുഷ്ഠ രോഗികളോട് ഉണ്ടായിരുന്ന ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വദിനമായ ജനുവരി 30 കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജന ദിനമായി ആചരിക്കുന്നത്.1954 ല്‍ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരി 30 ആയി നിശ്ചയിച്ചത്.
ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപെടുത്തലിന്റെയും അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളില്‍ കഴിയുന്ന ജീവിതങ്ങള്‍ക്ക് സ്വാന്ത്വനം നല്‍കുകയെന്ന ഉദ്യേശത്തോട് ആണ് സന്ദർശനം നടത്തിയത്.സഹായ ഹസ്തവുമായി പൊതുപ്രവർത്തകൻ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് ആകുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമെ കഴിഞ്ഞ 2003 മുതൽ ക്രിസ്തുമസ് ദിനത്തിൽ മുടക്കം കൂടാതെ 2020 വരെ ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.