ദോഹ: വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമാണെന്ന് കൾച്ചറൽ ഫോറം നടത്തിയ ഓപ്പൺ ഫോറം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ഹാളിൽ നടത്തിയ ഓപ്പൺ ഫോറത്തിലാണ് അഭിപ്രായമുയർന്നത്. നാനാത്വത്തെ നില നിർത്തുന്നതിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നൽകുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്.ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ ഏങ്ങനെ ആയിത്തീരണമെന്നതിലേക്കുള്ള ചൂണ്ട് പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതൽ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു.
ഓപൺ ഫോറത്തിൽ അൻവർ ഹുസൈൻ വാണിയമ്പലം വിഷയം അവതരിപ്പിച്ചു. കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, സെക്രട്ടറിമാരായ അനീസ് മാള, അഹ്മദ് ഷാഫി, സ്റ്റേറ്റ് കമ്മിറ്റിയംഗം കെ.ടി മുബാറക് എന്നിവർ ഒപ്പൺ ഫോറത്തിന് നേതൃത്വം നൽകി.