ഷാർജയിലെ പുതിയ വിനോദസഞ്ചാരപദ്ധതികളുടെ പ്രവർത്തനവും പുരോഗതിയും വിലയിരുത്തി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷൂറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി. ഷുറൂഖിന്റെ നേതൃത്വത്തിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച അൽ ഹിറ ബീച്ച്, നിലവിൽ നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ആഡംബര ആതിഥേയ കേന്ദ്രമായ സെറായി വിംഗ് – ബെയ്ത് ഖാലിദ് ബിൻ ഇബ്രാഹിം ഹോട്ടൽ എന്നീ കേന്ദ്രങ്ങളാണ് ബുദൂർ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഷുറൂഖ് ആക്ടിംഗ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീറടക്കമുള്ള ഔദ്യോഗികസംഘം സന്ദർശിച്ചത്.
ഷാർജയെ ലോകത്തെ മുൻനിര വിനോദസഞ്ചാര – നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിനോദകേന്ദ്രങ്ങൾ വിഭാവനം ചെയ്തിട്ടുള്ളതെന്നും സംരംഭകരെയും നിക്ഷേപകരെയും സന്ദർശകരെയുമെല്ലാം ഒരുപോലെ ഉൾക്കൊള്ളുന്ന, അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടങ്ങളിലുണ്ടാവുമെന്നും ബുദൂർ അൽ ഖാസിമി പറഞ്ഞു.
ഷാർജ അൽ ഫിഷ്റ്റ് പ്രദേശത്ത് ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച അൽ ഹിറ ബീച്ച് ചുരുങ്ങിയ സമയം കൊണ്ടു തന്നെ സന്ദർശകരുടെ പ്രിയകേന്ദ്രമായി മാറിയിട്ടുണ്ട്. അറേബ്യൻ ഗൾഫിനെ അഭിമുഖീകരിച്ച് 3.5 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ബീച്ച് പദ്ധതിയിൽ റസ്റ്ററന്റുകൾ, കഫേകൾ, കുട്ടികൾക്കായുള്ള കളിയിടങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ജിം എന്നിങ്ങനെ വിവിധപ്രായത്തിലുള്ള സന്ദർശകർക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.
ഷാർജയുടെയും യുഎഇയുടെ തന്നെയും ചരിത്രത്തിൽ നിർണായക സാന്നിധ്യമായ “ഹാർട്ട് ഓഫ് ഷാർജ”യെന്ന പൈതൃക മേഖലയിലാണ് സെറായി വിംഗ്, ബെയ്ത് ഖാലിദ് ബിൻ ഇബ്രാഹിം ഹോട്ടൽ ഒരുങ്ങുന്നത്. പന്ത്രണ്ട് റൂമുകളുള്ള ഈ ഹോട്ടൽ, ചെഡി അൽ ബെയ്ത്ത് ഹോട്ടലിന്റെ ഭാഗമായിട്ടാവും പ്രവർത്തിക്കുക. ഷാർജയിലെ പുരാവസ്തുകേന്ദ്രങ്ങളുടേതടക്കമുള്ള ചരിത്രപ്രധാനമായ കാഴ്ചാനുഭവങ്ങളും അത്യാഡംബരവും സമ്മേളിക്കുന്ന ചെഡി അൽ ബെയ്ത്ത് ഹോട്ടലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെത്താറുണ്ട്.
ഒരു നൂറ്റാണ്ട് മുമ്പ് ഷാർജയിലെ പ്രധാന മുത്ത് വ്യാപാരിയും കച്ചവടപ്രമുഖനുമായിരുന്ന ഖാലിദ് ബിൻ ഇബ്രാഹിമിന്റെ വസതിയാണ്, പൈതൃകമൊട്ടും ചോരാതെ സെറായി വിംഗ്, ബെയ്ത് ഖാലിദ് ബിൻ ഇബ്രാഹിം ആഡംബര ഹോട്ടലായി മാറുന്നത്. ഷാർജയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, കഴിഞ്ഞ കാലത്തെ ജീവിതങ്ങളെക്കുറിച്ചുള്ള അറിവും തനത് ആതിഥേയത്വവും സമ്മേളിപ്പിച്ച് ആഡംബരവിനോദസഞ്ചാരം തേടുന്നവർക്ക് പുത്തൻ അനുഭവം പകരും വിധത്തിലാണ് നിർമിച്ചിട്ടുള്ളത്. യുഎഇയിലെയും ഷാർജ എമിറേറ്റിലെയും പഴയകാല വീടുകളുടെ രൂപകല്പന, എമിറാത്തി സംസ്കാരത്തിന്റെയും നാഗരിക പാരമ്പര്യത്തിന്റെയും പ്രതിഫലനങ്ങൾ എന്നിവ ഇവിടെ അടുത്തറിയാനാവും.
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയെ അതിന്റെ വിശദാംശങ്ങളൊന്നും നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കുന്നതിലും ക്രിയാത്മകമായ ആധുനിക രൂപകൽപ്പനയോടെ പുതിയ കാലത്തിനനുസരിച്ച് ഒരുക്കുന്നതിലുമുള്ള മാതൃകാപരമായ പരിശ്രമം എടുത്തുപറഞ്ഞ ബുദൂർ അൽ ഖാസിമി പദ്ധതിയുടെ ഭാഗമായ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.