കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് വിളിച്ചറിയിക്കുന്ന സംസ്ഥാന ബജറ്റ് കുടുംബബജറ്റുകളുടെ താളം തെറ്റിക്കുമെന്നും കര്‍ഷകരുള്‍പ്പെടെ ജനസമൂഹത്തിനൊന്നാകെ സംസ്ഥാനബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇരുട്ടടിയേകുന്നതാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍.
റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം ധനമന്ത്രി പുഛിച്ചുതള്ളിയത് പ്രതിഷേധകരമാണ്. മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ 500 കോടി വിലസ്ഥിരതാപദ്ധതി 600 കോടിയായി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം റബര്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. ഭരണച്ചെലവുകള്‍ വെട്ടിക്കുറയ്ക്കാനോ വന്‍കിടക്കാരില്‍ നിന്ന് നികുതി കുടിശിഖ പിരിച്ചെടുക്കാനോ വ്യക്തമായ നടപടികളും ബജറ്റ് നിര്‍ദ്ദേശത്തിലില്ല. കേന്ദ്ര ബജറ്റിനെ പരിഹസിച്ചവര്‍ കേരള ജനതയ്ക്ക് കടുത്ത ആഘാതം നല്‍കിയിരിക്കുന്നത് നിസ്സാരവല്‍ക്കരിക്കാനാവില്ല. നടുവൊടിക്കുന്ന പുത്തന്‍ നികുതി പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാക്കും. പല പ്രഖ്യാപനങ്ങളും മുന്‍കാലങ്ങളിലെ ബജറ്റു പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമാണ്. ഇടുക്കി, കുട്ടനാട്, വയനാട്, തീരദേശ പാക്കേജുകള്‍ ജനങ്ങളെ വിഢികളാക്കുന്ന സ്ഥിരം പല്ലവികളായി മാറിയിരിക്കുന്നു.
ഭൂമിയുടെ ന്യായവില വര്‍ദ്ധനവിനും ഇന്നത്തെ സാഹചര്യത്തില്‍ നീതീകരണമില്ല. 25,000 കോടിയുടെ അധിക കടമെടുപ്പ് പ്രഖ്യാപിക്കുന്ന ബജറ്റ് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയാതെ പറയുന്നുവെന്നും വിലക്കയറ്റം തടയാനുള്ള 2000 കോടി പ്രഖ്യാപനം പ്രഹസനമാണെന്നും പെട്രോളിനും ഭൂമിയ്ക്കുമുള്‍പ്പെടെയുള്ള പുത്തന്‍ നികുതി നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും വി.സി.സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.