മലപ്പുറം : സംസ്ഥാന വികസന സൂചികയിൽ പിന്നാക്ക പ്രദേശമായ മലപ്പുറം ജില്ലയെ പൂർണ്ണമായി അവഗണിച്ച ബജറ്റ് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ -ആരോഗ്യ മേഖലയിലോ പശ്ചാത്തല വികസന രംഗത്തോ പ്രതീക്ഷാർഹമായ ഒരു പുതിയ പദ്ധതിയും ജില്ലക്ക് ബജറ്റിൽ വകയിരുത്തിയിട്ടില്ല. നിലവിൽ വികസനം അനിവാര്യമായ മഞ്ചേരി മെഡിക്കൽ കോളേജിന് ബജറ്റിൽ ഒന്നും നീക്കിവെച്ചിട്ടില്ലെന്നതും പുതിയ ജില്ല ആശുപത്രിയെ കുറിച്ച മൗനവും ജില്ലയോടുള്ള അവഗണനയുടെ തുടർച്ചയാണ്. ജില്ല ആവശ്യപ്പെട്ട വികസനപദ്ധതികളിലൊന്നും അനുഭാവ നിലപാട് പുലർത്തുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായിട്ടില്ല.
മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് പെട്രോൾ – ഡീസൽ ഇന്ധന സെസ് വഴി 8000 കോടി വരുമാനം ഉണ്ടാക്കാനുള്ള സർക്കാർ ശ്രമം.ഇത് എല്ലാ മേഖലകളിലും വിലവർദ്ധനവിന് കാരണമാകും. കെട്ടിട നികുതി, വൈദ്യുതി നിരക്ക്, മോട്ടോർ വാഹന നികുതി, കോർട്ട് ഫീ തുടങ്ങി ജനങ്ങളെ ദ്രോഹിക്കാൻ എല്ലാ വഴിയിലൂടെയും സർക്കാർ ശ്രമിച്ചിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ഇടതു സർക്കാർ എല്ലാത്തരം നികുതിയും വർധിപ്പിച്ച് വിലക്കയറ്റത്തെ വൻതോതിൽ ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്.
മുന്നാക്ക വികസന കോർപ്പറേഷന് 37 കോടി നീക്കിവെച്ചപ്പോൾ പിന്നാക്ക കമ്മീഷന് 16 കോടി മാത്രമാണ് നൽകുന്നത്. സാമൂഹ്യ നീതി നടപ്പാക്കുന്നതിൽ സർക്കാർ പുലർത്തുന്ന വിവേചന നിലപാട് ഇതിൽ വ്യക്തമാണ്.
ജനദ്രോഹ ബജറ്റിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം : ജനദ്രോഹ ബജറ്റിനെതിരെ മലപ്പുറം ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ, ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരകുന്ന്, മണ്ഡലം പ്രസിഡൻ്റ് ശരീഫ് മൊറയൂർ, മണ്ഡലം സെക്രട്ടറി മഹ്ബൂബ് റഹ്മാൻ, മുനിസിപ്പൽ പ്രസിഡൻ്റ് എൻ. കേ. ഇർഫാൻ, എ. സദ്റുദ്ദീൻ, എ. സൈനുദ്ദീൻ, അബ്ദുസ്സമദ് തൂമ്പത്, അമീന പട്ടർകടവ് എന്നിവർ നേതൃത്വം നൽകി എന്നിവർ നേതൃത്വം നൽകി.