ന്യൂയോർക്ക്/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മതസൗഹാർദ്ദ വാരാചരണത്തിന്റെ ഭാഗമായുള്ള “ ലോക സമാധാന ഉച്ചകോടി 2023” (World Peace Summit-2023) ഫെബ്രുവരി 12-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടക്കും. ന്യൂയോർക്കിലുള്ള വേൾഡ് യോഗ കമ്മ്യൂണിറ്റി, യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (URI) ദക്ഷിണേന്ത്യ ഘടകം, URI യുടെ പോത്തൻകോട് കോർപറേഷൻ സർക്കിൾ ആയ ഇന്റർ റിലീജിയസ് ഡയലോഗ് ഫോർ സസ്റ്റൈനബിൾ ഡെവലപ്മെൻറ് ഗോൾസ് (IRD 4 SDG), എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സമാധാന ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ശാന്തിഗിരി ആശ്രമം ഈ സംരംഭത്തിൽ ഒരു പങ്കാളിയാണ്.
യുണൈറ്റഡ് നേഷൻസ് എൻ.ജി.ഒ. സമിതിയുടെ സെക്രട്ടറി ഗുരുജി ദിലീപ് കുമാർ തങ്കപ്പൻ (യു.എസ്.എ) അദ്ധ്യക്ഷനാകുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി നിർവഹിക്കും, യു.ആർ.ഐ. ഏഷ്യ സെക്രട്ടറി ജനറൽ പ്രൊഫസർ ഡോ. എബ്രഹാം കരിക്കം മുഖ്യ പ്രഭാഷണം നടത്തും. ലോക പാഴ്സി സാംസ്കാരിക സമിതി അധ്യക്ഷൻ ഡോ. ഹോമി.ബി. ദല്ല, ഡൽഹി സിനഗോഗ് സെക്രട്ടറി റാബി എസക്കിയേല് മലേക്കർ, ഡൽഹി AAFT യൂണിവേഴ്സിറ്റി ഓഫ് മീഡിയ & ആർട്സ് ചാൻസിലർ ഡോ. സന്ദീപ് മാർവ, ജയിൻ മന്ദിർ സ്ഥാപക പ്രസിഡൻറ് വിവേക് മുനി മഹാരാജ്, ഇമാം ആരിഫ് ഹുസ്കിക്ഹൈ, മിഷിഗൺ USA ഹൈദരാബാദ് ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും, ഇന്റർഫെയ്ത് കോയിലേഷൻ ഫോർ പീസിന്റെ (ICP) എക്സിക്യൂട്ടീവ് ഡയറക്ടറുമായ റെവ. ഫാദർ .ഡോ. പാക്യം ടി. സാമുവേൽ, അസ്സെംബ്ലിസ് ഓഫ് ബഹായ് ഇന്റർനാഷനലിന്റെ സ്പിരിറ്റുവൽ ഡയറക്ടർ ശ്രീമതി നീലാക്ഷി രാജ്കോവ, രാജ്യാന്തര ജയിൻ ഫോറം പ്രസിഡന്റ് ഡോക്ടർ ജഗദ് ഗുരു ചാരുകീർത്തി ഭട്ടാരക്ക്, ബ്രഹ്മകുമാരീസ് സിസ്റ്റർ B. K നീലിമ, ഉസ്താദ് മുതലിബ് അസ്ലമി കണ്ണൂർ, സർദാർ അമർജിത് സിംഗ്, പ്രൊഫ. ഡോ. K. J. ജോസഫ്, പ്രൊഫ. ഡോ. N. രാമലിംഗം, സിറ്റിസൺസ് ഇന്ത്യ ഫൌണ്ടേഷൻ (CIF) മാനേജിങ് ട്രസ്റ്റീ ശ്രി. T. K. A. നായർ, ബോധി ഗ്രാം ചെയർമാൻ ജോൺ സാമുവേൽ അടൂർ, URI ഗ്ലോബൽ ട്രസ്റ്റി ഡോ. ദേവിരാജ്, പ്രൊഫ. ഡോ. യു. പി. അനിൽകുമാർ, എം ഡി ശശികുമാർ തുടങ്ങി വ്യത്യസ്ത മത മേലദ്ധ്യക്ഷന്മാരും, NGO ഭാരവാഹികളും, പ്രതിനിധികളും ലോക സമാധാന ഉച്ചകോടിയിൽ (World Peace Summit-2023) പങ്കെടുക്കുകയും, പ്രഭാഷണങ്ങളും, പ്രബന്ധങ്ങളും, ചർച്ചയും കൊണ്ട് ഉച്ചകോടി സമ്പുഷ്ടമാക്കുകയും ചെയ്യും.
“2010-ലാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെ മതസൗഹാർദ്ദ വാരാചരണം ആരംഭിച്ചത്. ലോക മതങ്ങളുടെ വൈവിധ്യം വിളിച്ചോതുന്ന ആഘോഷ പരിപാടികളും മതങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും മതാന്തര സംവാദവും സമാധാന സംസ്കാരത്തിന്റെ സുപ്രധാനമാനങ്ങളാണെന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ വിലയിരുത്തിലിന്റെ പശ്ചാത്തലത്തിലാണ് മതസൗഹാർദ്ദ വാരാചരണം കൊണ്ടാടുന്നത്. ജനങ്ങൾക്കിടയിൽ പരസ്പര ധാരണയും സൗഹാർദ്ദവും സഹകരണവും വർദ്ധിപ്പിക്കുന്നതിന് വിവിധ വിശ്വാസങ്ങളും മതങ്ങളും തമ്മിലുള്ള സംവാദത്തിന്റെ അനിവാര്യമായ ആവശ്യകത തിരിച്ചറിഞ്ഞുള്ള പ്രവർത്തന പദ്ധതികളാണ് മത സൗഹാർദ്ദ വാരാചരണം ലക്ഷ്യമിടുന്നത്” URI-യുടെ പോത്തൻകോട് കോർപറേഷൻ സർക്കിൾ ചെയർമാനും ശാന്തിഗിരി ആശ്രമം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗവും സമാധാന ഉച്ചകോടി 2023-ൻറെ മുഖ്യ കോർഡിനേറ്ററുമായ എം. ഡി. ശശികുമാർ തിരുവനന്തപുരത്ത് പ്രസ്താവിച്ചു.
“ഗുരുക്കന്മാരുടെ ത്യാഗം, സ്നേഹം, ശാന്തി, ഐക്യം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ” എന്നതാണ് സമാധാന ഉച്ചകോടി 2023-ൻറെ ചിന്താ വിഷയം. സമാധാന ഉച്ചകോടിയുടെ മൂന്നാമത് സമ്മേളനമാണ് തിരുവനന്തപുരത്തു ഈ വർഷം നടക്കുന്നത്. യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (URI) എക്സിക്യൂട്ടീവ് ഡയറക്ടറും നോബൽ സമ്മാന ജേതാവുമായ ജെറി വൈറ്റും URI ഗ്ലോബൽ കൗൺസിൽ ചെയർപേഴ്സൺ പ്രീത ബൻസാലും ഈ അടുത്തകാലത്ത് ശാന്തിഗിരി ആശ്രമം സന്ദർശിക്കുകയും സമാധാന സമ്മിറ്റിനെ സംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തിരുന്നു.
സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, വിദ്യാർഥികൾ, യുവജനങ്ങൾ, വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ, സമാധാന കാംക്ഷികൾ തുടങ്ങി നിരവധിപ്പേർ പ്രസ്തുത സമാധാന സമ്മിറ്റിൽ പങ്കെടുക്കുന്നതാണ്. കോർഡിനേറ്റർ ശശികുമാറും, വേൾഡ് യോഗ കമ്മ്യൂണിറ്റി ചെയർമാൻ ഗുരുജി ദിലീപ്കുമാറും മറ്റു ടീം അംഗങ്ങളും ഈ സമ്മിറ്റിൻറെ സുഗമമായ നടത്തിപ്പിനായി ഏതാനും ദിവസങ്ങളായി അത്യദ്ധ്വാനത്തിലാണ്. ഈ സമ്മിറ്റിൽ പങ്കാളികളാകണമെന്നും എല്ലാവിധ പിന്തുണയും നല്കണമെന്നും താല്പര്യപ്പെടുന്നവർ ശശികുമാറുമായി ബന്ധപ്പെടുക: Phone: +91-8547001015, Email: sasikumarmd@gmail.com