ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം ചടങ്ങുകൾ നടക്കുക.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് (ഞായറാഴ്ച) ഹാഡോസ് റോഡിന് സമീപമുള്ള വസതിയിൽ അന്തിമോപചാരം അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങൾ സമ്മാനിച്ച മഹതിയായ ഗായികയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. വാണി ജയറാമിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരം വാങ്ങാതെ വാണി ജയറാം വിടവാങ്ങിയത് വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഭാഷകളിലായി തന്റെ ജീവിതകാലത്ത് ആലപിച്ച നിരവധി ഗാനങ്ങൾ വാണി ജയറാം ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.
അതേസമയം, വാണി ജയറാമിന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തമിഴ്‌നാട് പോലീസ് പറഞ്ഞു. വീഴ്‌ചയും തല തറയിൽ ഇടിച്ചുമാണ് അവര്‍ മരിച്ചതെന്ന് തൗസന്റ് ലൈറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് ബസന്ത് നഗർ പൊതുശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വാണി ജയറാമിന്റെ സംസ്‌കാരം നടക്കും. ഗായികയുടെ മൃതദേഹം ഉച്ചയ്ക്ക് 12.45 ന് ഹാഡോസ് റോഡിലെ വസതിയിൽ നിന്ന് കൊണ്ടുപോകും. സംസ്‌കാര ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടിന് നടക്കും.
ഗായകർ, അഭിനേതാക്കൾ, രാഷ്ട്രീയക്കാർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, സാധാരണക്കാർ തുടങ്ങി നിരവധി പ്രമുഖർ ഹാഡോസ് റോഡിലെ വസതിയിൽ വാണി ജയറാമിന് അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്ലാറ്റിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. മേശയിൽ തലയിടിച്ച് വീണപ്പോഴുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് നിഗമനം.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി ഫ്ലാറ്റിലെത്തിച്ച ഭൗതികശരീരത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി, ഗായികമാരായ കെ എസ് ചിത്ര, സുജാത തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. സംസ്കാരച്ചടങ്ങിൽ കേരള മുഖ്യമന്ത്രിക്കു വേണ്ടി പുഷ്പചക്രം സമർപ്പിക്കാൻ നോർക്ക റൂട്ട്സ് പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.