ന്യൂഡല്‍ഹി: പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പാർലമെന്റിലെത്തി. സുസ്ഥിരതയുടെ സന്ദേശം നൽകാനാണ് നരേന്ദ്ര മോദി ആകാശനീല നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റ് ധരിച്ച് പാർലമെന്റിലെത്തിയത്.
പിന്നീട് ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി മോദി മറുപടി നൽകിയേക്കും. ഇന്ത്യൻ ഓയിലിന്റെ ‘അൺ ബോട്ടിൽഡ്’ സംരംഭത്തിന് കീഴിൽ, 2023ലെ ഇന്ത്യ എനർജി വീക്ക് 2023-ന്റെ ഭാഗമായി ബെംഗളൂരുവിൽ പ്രധാനമന്ത്രി തിങ്കളാഴ്ച പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമ്മിച്ച യൂണിഫോം പുറത്തിറക്കി.
അതേസമയം, 56,000 വിലയുള്ള ലൂയിസ് വിറ്റൺ വിദേശ മഫ്‌ളർ ധരിച്ചാണ് മല്ലികാർജ്ജുൻ ഖാർഗ്ഗെ പാര്‍ലമെന്റിലെത്തിയത്. പാവപ്പെട്ടവരുടെ വരുമാനം കുറഞ്ഞതിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുമ്പോഴാണ് ഖാർഗെയുടെ വസ്ത്രധാരണത്തിലേക്ക് ആളുകളുടെ ശ്രദ്ധ പോയത്. മഫ്ലറിൻറെ ചിത്രസഹിതം മല്ലികാർജ്ജുൻ ഖാർഗെയെ ട്രോളുകയാണ് സമൂഹമാധ്യമങ്ങൾ.
പ്ലാസ്റ്റിക് കുപ്പികൾ യൂണിഫോമുകളിലേക്ക് പരിവർത്തനം ചെയ്യുന്ന സംരംഭങ്ങൾ ‘മിഷൻ ലൈഫി’നെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിത വളർച്ചയ്ക്കും ഊർജ പരിവർത്തനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ഈ വലിയ ശ്രമങ്ങൾ നമ്മുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.
സിംഗിൾ യൂസ് പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, റീസൈക്കിൾ ചെയ്ത പോളിസ്റ്റർ, കോട്ടൺ എന്നിവയിൽ നിന്ന് നിർമ്മിച്ച യൂണിഫോമുകൾ റീട്ടെയിൽ കസ്റ്റമർ അറ്റൻഡർമാർക്കും എൽപിജി ഡെലിവറി ജീവനക്കാർക്കും ഇന്ത്യൻ ഓയിൽ നൽകി. ഇന്ത്യൻ ഓയിൽ കസ്റ്റമർ അറ്റൻഡർമാരുടെ ഓരോ യൂണിഫോമും 28 പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്‌തതാണ്.
അൺബോട്ടിൽഡ് സംരംഭത്തിന് കീഴിൽ റീസൈക്കിൾ ചെയ്ത പോളിസ്റ്റർ ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങൾ പുറത്തിറക്കുന്നതിന് ഇന്ത്യൻ ഓയിൽ നേതൃത്വം നൽകി. മറ്റ് എണ്ണ വിപണന സ്ഥാപനങ്ങൾക്കുള്ള യൂണിഫോം, സൈനിക-യുദ്ധ യൂണിഫോം, സ്ഥാപനങ്ങൾക്ക് യൂണിഫോം/വസ്ത്രങ്ങൾ, റീട്ടെയിൽ ഉപഭോക്താക്കൾക്കുള്ള വിൽപ്പന തുടങ്ങിയവയും ഇന്ത്യൻ ഓയിൽ പുറത്തിറക്കും.