ഉത്തർപ്രദേശിൽ നിന്നുള്ള നാല് പുരുഷന്മാർക്ക് വീട് പണിയാനുള്ള പണം ലഭിച്ചെങ്കിലും ഭാര്യമാർ കബളിപ്പിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഈ നാല് പേരുടെയും ഭാര്യമാർ കാമുകൻമാർക്കൊപ്പം 50,000 രൂപയുമായി ഒളിച്ചോടിയെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരമാണ് പണം ലഭിച്ചത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടവർക്കും (ഇഡബ്ല്യുഎസ്) താഴ്ന്ന, ഇടത്തരം വരുമാനമുള്ളവർക്കും വീട് പണിയാൻ കേന്ദ്രം പണം കൈമാറുന്നു. എന്നാല്‍, പണം സ്ത്രീ കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്.
ജില്ലയിലെ നഗർ പഞ്ചായത്ത് ബെൽഹാര, ബാങ്കി, സൈദ്പൂർ, സിദ്ധൗർ എന്നിവിടങ്ങളിലെ ഈ നാല് വനിതാ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് ആദ്യ ഗഡു അയച്ചത്. രണ്ടാം ഗഡു കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇവരുടെ ഭർത്താക്കന്മാർ ജില്ലാ നഗരവികസന ഏജൻസിയെ (DUDA) സമീപിച്ചിട്ടുണ്ട്.
പണം കൈമാറിയിട്ടും ഗുണഭോക്താക്കളിൽ ചിലർ ഇതുവരെ വീടുപണി തുടങ്ങിയിട്ടില്ലെന്ന് ഡിയുഡിഎ അധികൃതർ കണ്ടെത്തിയതോടെയാണ് കാര്യം പുറത്തറിഞ്ഞത്.
നിർമാണം തുടങ്ങാത്ത എല്ലാ കുടുംബങ്ങൾക്കും DUDA പ്രോജക്ട് ഓഫീസർ നോട്ടീസ് അയച്ചു. തുടർന്നാണ് ഭർത്താക്കന്മാര്‍ ഓഫീസറെ സമീപിച്ച് തങ്ങളുടെ ദുരനുഭവം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ ഗുണഭോക്താക്കളിൽ നിന്ന് എങ്ങനെ പണം തിരിച്ചുപിടിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ജില്ലാ ഉദ്യോഗസ്ഥർ.
“ഭർത്താക്കന്മാരോട് അവരുടെ ഭാര്യമാരെ സമ്മതിപ്പിക്കാനും വീട്ടിലേക്ക് കൊണ്ടുവരാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് സർക്കാർ പണമായതിനാൽ ഇത് ദുരുപയോഗം ചെയ്യരുത്, അങ്ങനെയാണെങ്കിൽ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കും, ” DUDA പ്രോജക്ട് ഓഫീസർ സൗരഭ് ത്രിപാഠി പറഞ്ഞു.