കൊച്ചി: കൊച്ചിയിൽ തങ്ങളുടെ നാലാമത്തെ ജിഞ്ചർ ഹോട്ടലിനു തുടക്കം കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ എച്ച് സി എൽ). ഇതോടെ കൊച്ചി നഗരത്തിൽ ഐ എച്ച് സി എല്ലിന് കീഴിൽ ജിഞ്ചർ ബ്രാൻഡ് ഹോട്ടലുകൾ ഉൾപ്പടെ ആറ് ഹോട്ടലുകളാണുള്ളത്. ലീസ് അടിസ്ഥാനത്തിലാണ് പുതിയ ഹോട്ടൽ തുറന്നിട്ടുള്ളത്.
“ഐ എച്ച് സി എല്ലിന് കേരളവുമായി ദീർഘനാളത്തെ ബന്ധമുണ്ട്. ഐ എച്ച് സി എല്ലിന്റെ എല്ലാ ബ്രാൻഡുകളും ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുണ്ട്. കൊച്ചി എന്ന് പറയുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മെട്രോപോളിറ്റൻ നഗരം എന്നതിലുപരി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. നിലവിലുള്ള ഐ എച്ച് സി എൽ സ്ഥാപനങ്ങളിലേക്ക് പുതിയ ജിഞ്ചർ ഹോട്ടലും കൂടി വരുമ്പോൾ വിപണിയിൽ അത് വൻ മുന്നേറ്റത്തിന് വഴിയൊഴുക്കും. ഈ സംരംഭത്തിന് ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഐ എച്ച് സി എല്ലിന്റെ റിയൽ എസ്റ്റേറ്റ് ആൻഡ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുമാ വെങ്കിടേഷ് പറഞ്ഞു.
കേരളത്തിന്റെ വാണിജ്യ ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ എംജി റോഡിലാണ് 73-ഓളം മുറികളുള്ള ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കൊച്ചി എയർപോർട്ടിലേക്കും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അധിക ദൂരമില്ല. നീന്തൽ കുളം, ഫിറ്റ്നസ് സെന്റർ, ഇന്ത്യയിലെയും വിദേശത്തേയും രുചിയേറുന്ന ഭക്ഷണങ്ങൾ ഒരുക്കുന്ന ക്യുമിൻ എന്ന പേരോട് കൂടിയ ഡേ ഡൈനർ, തുടങ്ങിയവയാണ് സവിശേഷതകൾ.
“നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജിഞ്ചർ ഹോട്ടൽ കൊച്ചിക്ക് മനോഹാരിത നൽകുന്നു.ഐ എച്ച് സി എല്ലിന്റെ പ്രസിദ്ധമായ സേവന ധാർമികതയുടെയും വിശാലമായ വിതരണ ശൃംഖലയുടെയും അടിസ്ഥാനത്തിൽ അവരുമായുള്ള സഹകരണത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ എം അബ്ദുൾ ലത്തീഫ് പറഞ്ഞു.
കൊച്ചിയിലെ പുതിയ ഹോട്ടലിന്റെ വരവോടുകൂടി ഐ എച്ച് സി എല്ലിന്റെ കീഴിൽ കേരളത്തിൽ അങ്ങോളമിങ്ങോളം താജ്, സെലെക്ഷൻസ്, വിവാന്ത, ജിഞ്ചർ എന്നിവ അടക്കം 16 ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ നാല് ഹോട്ടലുകൾ നിർമ്മാണ ഘട്ടത്തിലുമാണ്.