കോഴിക്കോട്: മെഡിക്കൽ കോളജിൽ ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം അസ്വാഭാവികമായി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എസ്.ഐ.ഒ കേരള കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
മനുഷ്യനെ വർഗീകരിച്ച് അപമാനവീകരിക്കുന്ന ജാതി വംശീയ ഘടനയാണ് വിശ്വനാഥനെ കൊന്നുകളഞ്ഞത്. ഈ വംശീയ ബോധങ്ങൾക്ക് അധികാരികൾ കൂട്ടുനിൽക്കാൻ പാടില്ല. വിശ്വനാഥന്റെ അസ്വാഭാവിക മരണത്തിൽ സുതാര്യമായ അന്വേഷണം നടക്കണമെന്നും ഉടൻ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഗമം ആവശ്യപെട്ടു.
ഈ വംശീയ സാമൂഹിക ഘടനയോട് സന്ധിയില്ലാ സമരത്തിൽ ഏർപ്പെടേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു അഭിപ്രായപെട്ടു. സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. വംശീയതക്കെതിരായ പോരാട്ടത്തിന് നേതൃപരമായ പങ്കുവഹിക്കുമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ പറഞ്ഞു.
സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം ഡോ.ആർ.യുസുഫ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അസ്‌ലം അലി, ജി.ഐ. ഒ സംസ്ഥാന സെക്രട്ടറി ആയിഷ ഗഫൂർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു. എസ്.ഐ. ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റഹ്മാൻ ഇരിക്കൂർ സ്വാഗതം ആശംസിച്ചു.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ആമീൻ മമ്പാട്, അസ്‌ലഹ് കക്കോടി, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് നവാഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.