ചെന്നൈ: ഡോക്ടർമാരോ സംവിധാനങ്ങളോ ലൈസൻസോ ഇല്ലാതെ തമിഴ്‌നാട്ടിൽ ചാരിറ്റി സ്ഥാപനം നടത്തിയതിന് മലയാളിയും ഭാര്യയും അറസ്റ്റിൽ. അൻപ് ജ്യോതി ആശ്രമം എന്ന സംഘടന നടത്തിയിരുന്ന മലയാളിയായ ജുബിൻ ബേബിയും ഭാര്യ മരിയയുമാണ് അറസ്റ്റിലായത്. ലൈംഗിക പീഡനത്തിനും അന്തേവാസികളെ ഉപദ്രവിച്ചതിനുമാണ് അറസ്റ്റ്.
സംസ്ഥാനത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും സർക്കാരോ പോലീസോ വില്ലുപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്.
2021 ഡിസംബറിൽ സ്ഥാപനത്തിൽ പ്രവേശിപ്പിച്ച ജവഹറുല്ലയെ കാണാതായതിനെ തുടർന്ന് മരുമകൻ സലിം ഖാൻ നടത്തിയ അന്വേഷണമാണ് കേസിലെ വഴിത്തിരിവായത്. ജവഹറുല്ല ബാംഗ്ലൂരിൽ തങ്ങളുടെ സ്ഥാപനത്തിലുണ്ടെന്ന് അൻപ് ജ്യോതി അധികൃതർ അമേരിക്കയിൽ സലിം ഖാനെ അറിയിച്ചിരുന്നു. എന്നാൽ സലിം ഖാൻ ബാംഗ്ലൂരിൽ അന്വേഷിച്ചപ്പോൾ ഒരു വിവരവും ലഭിച്ചില്ല. തുടർന്നാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
പോലീസ് ബാംഗ്ലൂരിലെ സ്ഥാപനത്തിൽ പരിശോധനക്ക് എത്തുമ്പോൾ അവിടെ 15 അന്തേവാസികളാണ് ഉണ്ടായിരുന്നത്. വില്ലുപുരത്ത് നിന്നും 15 പേരെ സ്വീകരിച്ചതിന്റെ രേഖകൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ 15 പേരും ജനാല തകർത്ത് ചാടിപ്പോയി എന്ന വിചിത്ര വിശദീകരണമാണ് അധികൃതർ നൽകിയത്.
അൻപ് ജ്യോതിയിൽ നിന്നും രക്ഷപ്പെട്ട് റെസ്ക്യൂ ഗ്രൂപ്പിന്റെ കൈയിൽ എത്തിയ ഒഡിഷ സ്വദേശിനിയായ പെൺകുട്ടി പറഞ്ഞത്, താൻ സ്ഥാപനത്തിൽ തുടർച്ചയായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായിരുന്നു എന്നാണ്. എതിർത്തപ്പോൾ ഉടമ കൂട്ടിലിട്ട് വളർത്തിയിരുന്ന രണ്ട് ഭീകരന്മാരായ കുരങ്ങുകളെ തന്റെ ദേഹത്തേക്ക് എടുത്തിട്ടെന്നും പെൺകുട്ടി മൊഴി നൽകി.
തുടർന്ന് ജുബിൻ ബേബിയും മരിയയും ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്തു. 2005 മുതൽ യാതൊരു രേഖകളുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. സ്ഥാപനം നിൽക്കുന്ന ഒറ്റപ്പെട്ട കുന്നിന് സമീപം നിരവധി മൃതദേഹങ്ങൾ കുഴിച്ചിട്ടതായും പോലീസിന് സൂചന ലഭിച്ചു.
സ്ഥാപനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം 165 പേരെ പൊലീസ് രക്ഷപ്പെടുത്തി. അന്തേവാസികളുടെ ആരോഗ്യവിവരങ്ങൾ ദുരുപയോഗം ചെയ്ത് സ്ഥാപന ഉടമകൾ നിയമവിരുദ്ധമായി മാനസികരോഗത്തിനുള്ള മരുന്നുകൾ ശേഖരിക്കുന്നതായും കണ്ടെത്തി. നിരവധി സ്ത്രീകളെ ഈ മയക്കുമരുന്ന് ഉപയോഗിച്ച് മയക്കി രാത്രിയിൽ ബലാത്സംഗത്തിന് വിധേയരാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.