ന്യൂഡൽഹി: ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്ക് 52 വയസ്സായെന്നും ഇതുവരെ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. താൻ ഇപ്പോൾ തന്റെ വീട്ടിൽ അല്ല എന്നും രാഹുൽ പറഞ്ഞു.
”അലഹാബാദിലുള്ള കുടുംബവീട് ഞങ്ങളുടേതല്ല. ഞാൻ തുഗ്ലക്ക് ലേനിലാണ് താമസിക്കുന്നത്. എനിക്കിപ്പോൾ 52 വയസായി, ഇത്രയും കാലത്തിനിടയ്ക്ക് ഒരു വീട് പണിയാൻ പോലും സാധിച്ചിട്ടില്ല” രാഹുൽ പറഞ്ഞു.
1997 ലെ തിരഞ്ഞെടുപ്പിന് ശേഷം വീടൊഴിയേണ്ടി വന്ന സ്ഥിതിയും റായ്പൂരിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ രാഹുൽ പറഞ്ഞു. അത്രയും നാൾ താമസിക്കുന്നത് സ്വന്തം വീട്ടിലാണെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം വീടുവിട്ടിറങ്ങാൻ അമ്മ പറഞ്ഞപ്പോഴാണ് അത് സ്വന്തം വീടല്ലെന്ന് മനസിലായത്. ” അന്ന് വീട്ടിൽ വല്ലാത്ത അവസ്ഥയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഞാൻ മമ്മിയോട് പോയി ചോദിച്ചു. അപ്പോൾ മമ്മി വീടുവിട്ടിറങ്ങണമെന്ന് പറഞ്ഞു. ഇത് നമ്മുടെ വീടല്ലേ എന്ന് ചോദിച്ചപ്പോൾ, അല്ല സർക്കാരിന്റെയാണെന്ന് എന്നോട് പറഞ്ഞു. ഇനി എവിടെ പോകുമെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മമ്മി പറഞ്ഞത്” രാഹുൽ ഓർത്തെടുത്തു.
ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ തന്നെ എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന സംശയത്തിലായിരുന്നു. അപ്പോഴാണ് യാത്രയുടെ യഥാർത്ഥ ആവശ്യം എനിക്ക് മനസ്സിലായത്. തുടർന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനും തന്നെ സന്ദർശിക്കാനും വരുന്നവരോട് വീട്ടിൽ എത്തിയതായി തോന്നണമെന്നുന്‍ താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.