തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിൽ ചേരാൻ ഗവർണറുടെ പ്രതിനിധിയോട് വീണ്ടും ആവശ്യപ്പെട്ടതാണ് ഗവർണറെ ചൊടിപ്പിച്ചത്. മറുപടി കത്തിലാണ് സർക്കാരിനെ വിമർശിച്ചത്.
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പ്രതിനിധിയെ ആവശ്യപ്പെട്ട് സർക്കാർ കത്തയച്ചതെന്ന് ഗവർണർ ചോദിക്കുന്നു. സ്വന്തം നിലയിലാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇത് എന്ത് അടിസ്ഥാനത്തിലാണ്. യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ പ്രതിനിധിയെ നൽകിയില്ല. പിന്നെ എന്തിനാണ് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും കത്തിൽ ആരായുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയ്ക്കാണ് മറുപടി നൽകിയിരിക്കുന്നത്.
മലയാളം സർവകലാശാല വിസി അനിൽ വള്ളത്തോളിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഈ സാഹചര്യത്തിലാണ് വിസിയെ നിയമിക്കാൻ സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ സെർച്ച് കമ്മിറ്റിക്ക് കത്തയച്ചത്. എന്നാൽ, സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നീക്കം നടത്തിയ സർക്കാർ പ്രതിനിധിയെ അയച്ചില്ല.