മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരെഞ്ഞെടുപ്പിൽ കൃതൃമം കാണിച്ച് ഇടത് സിൻഡിക്കേറ്റും എസ്.എഫ്.ഐയും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ.
യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ വോട്ട് ചെയ്യേണ്ട ഫ്രറ്റേണിറ്റിയുടെ 2 യു.യു.സിമാരുൾപ്പെടെ 17 യു.യുസിമാർ പ്രാഥമിക വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. തീർത്തും അടിസ്ഥാനരഹിതമായ വിശദീകരണങ്ങളാണ് സിൻഡിക്കേറ്റിൻ്റെ ഭാഗത്ത് നിന്ന് ഈ അട്ടിമറിയിൽ ലഭിക്കുന്നത്. വിദ്യാർത്ഥികളോട് ഇടത് സിൻഡിക്കേറ്റ് കാണിക്കുന്ന പരസ്യമായ ജനാധിപത്യ വിരുദ്ധതയാണിത് എന്ന് ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. കൂടാതെ കഴിഞ്ഞ മൂന്ന് വർഷമായി യൂണിവേഴ്സിറ്റിക്ക് കീഴിൽ സോൺ മത്സരങ്ങളോ വിദ്യാർത്ഥി സംഘാടനങ്ങളോ യൂണിയൻ ഇലക്ഷനുകളോ നടക്കാത്തത് കൊണ്ട് തന്നെ വിദ്യാർത്ഥികളിൽ നിന്ന് പിരിഞ്ഞ് കിട്ടിയ കോടി കണക്കിന് രൂപയാണ് യൂണിവേഴ്സിറ്റിയിൽ കെട്ടികിടക്കുന്നതെന്നും യൂണിയൻ ഇലക്ഷൻ നീട്ടികൊണ്ടുപോയി ഒരു അഴിമതിക്കുള്ള വഴി തുറക്കുകയാണ് ഇടത് സിൻഡിക്കേറ്റെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി സർഗാത്മകമായ കഴിവുകളെ പ്രദർശിപ്പിക്കാനും വ്യത്യസ്തമായ തലങ്ങളിൽ മത്സരിക്കാനുമുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നഷ്ടമായിരുന്നു.എന്നാൽ ഈ വർഷം കോളേജിൽ യൂണിയൻ ഇലക്ഷനുകളൊക്കെ പൂർത്തിയായിരിക്കെ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷൻ നടക്കാതിരുന്നാൽ ഈ വർഷവും വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നഷ്ടമാകാൻ പോകുന്നത്. തങ്ങളുടെ താത്പര്യങ്ങൾക്ക് വേണ്ടി വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതത്തെ ഇല്ലാതാക്കുന്ന ഇടത് സിൻഡിക്കേറ്റ് ഇതിന് കൃത്യമായ മറുപടി തരണമെന്നും അദ്ദേഹം പറഞ്ഞു. ഇടത് സിൻഡിക്കേറ്റിൻ്റെയും എസ്.എഫ്.ഐയുടെയും ജനാധിപത്യ വിരുദ്ധതക്കെതിരെ ക്യാമ്പസുകളിലും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി ഫ്രറ്റേണിറ്റി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.