കൊച്ചി: സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കാന്‍ കര്‍ഷകര്‍ കൃഷിഭൂമി കേരള ബാങ്കില്‍ പണയംവെയ്‌ക്കേണ്ട ദുര്‍ഗതി നേരിടുന്നുവെന്നും നെല്ലെടുപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മാറി കേരള ബാങ്കിലൂടെ പണം ലഭിക്കുമെന്നാണ് സപ്ലൈക്കോ അറിയിക്കുന്നതെങ്കിലും മില്ലുടമകളും ഇടനിലക്കാരും ഏജന്റുമാരും ചേര്‍ന്നുള്ള മാഫിയ സംഘങ്ങളുടെ അനധികൃത ഇടപെടല്‍ ശക്തമാണ്. കൃഷിവകുപ്പിലെ ഉന്നതരും ഇതിന് കൂട്ടുനില്‍ക്കുന്നതായി സംശയിക്കപ്പെടുന്നു. സപ്ലൈക്കോയ്ക്ക് വിറ്റ നെല്ലിന്റെ പണം ലഭിക്കുവാന്‍ കൃഷിഭൂമി പണയം വെയ്ക്കുക മാത്രമല്ല 12 മാസത്തിനുള്ളില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ബാങ്കില്‍ പണം അടയ്ക്കാത്തപക്ഷം കര്‍ഷകന് നെല്ലുവിലയായി ബാങ്ക് നല്‍കിയ തുകയും പലിശയും തിരിച്ചടയ്‌ക്കേണ്ടതും അല്ലാത്തപക്ഷം കര്‍ഷകന്റെ സ്ഥാവരജംഗമ വസ്തുക്കളില്‍ നിന്ന് ഈടാക്കാമെന്ന് സമ്മതിച്ച് ബാങ്കില്‍ കരാര്‍ ഒപ്പിട്ടുകൊടുക്കുകയും വേണം.
കര്‍ഷകസംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്ന ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ഇത്തരം ദ്രോഹനടപടികള്‍ക്ക് ഒത്താശചെയ്യുന്നത് ധിക്കാരമാണ്. നെല്ലിന്റെ വിലയും കൃഷിഭൂമിയും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ ബോധപൂര്‍വ്വം സര്‍ക്കാരും കൃഷിവകുപ്പും സൃഷ്ടിക്കുന്നു. അസംഘടിത കര്‍ഷകരുടെമേല്‍ എന്തുമാകാമെന്ന സര്‍ക്കാര്‍ അഹന്തയ്ക്ക് അവസാനമുണ്ടാകണം. 29,496 കര്‍ഷകര്‍ക്ക് 199.90 കോടി രൂപ വിതരണം ചെയ്യേണ്ടതാണ്. ഇത് ഭാഗികമായി മാത്രമാണ് നടപ്പിലായിരിക്കുന്നത്. സപ്ലൈക്കോ ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നെങ്കില്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല് വിറ്റ് ലഭിച്ച തുക എവിടെപ്പോയെന്ന് കൃഷിവകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും വ്യക്തമാക്കണമെന്നും വി.സി.സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു.