ഏഥൻസ്: ഗ്രീസിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 38 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് രാജ്യത്തെ ഗതാഗത മന്ത്രി കോസ്റ്റാസ് കരമാൻലിസ് തന്റെ സ്ഥാനം രാജിവച്ചു. ഇത്തരമൊരു സംഭവം ഉണ്ടായതിനാൽ താൻ രാജിവെക്കണമെന്നാണ് താൻ കരുതുന്നതെന്നും കരമൻലിസ് പറഞ്ഞു.
തലസ്ഥാനമായ ഏഥൻസിൽ നിന്ന് തെസ്സലോനിക്കിയിലേക്ക് പോവുകയായിരുന്നു പാസഞ്ചർ ട്രെയിൻ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിരവധി വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. അവധി കഴിഞ്ഞ് സർവകലാശാലയിലേക്ക് മടങ്ങുകയായിരുന്നു അവര്‍.
ഏഥൻസിൽ നിന്ന് 380 കിലോമീറ്റർ വടക്കുള്ള ടെമ്പെക്ക് സമീപമുള്ള അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അടുത്തുള്ള പട്ടണമായ ലാരിസയിലെ സ്റ്റേഷൻ മാസ്റ്ററെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് പേരെ കൂടി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി അപകടം നടക്കുമ്പോൾ പാസഞ്ചർ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്ന് സർക്കാർ ബ്രോഡ്കാസ്റ്റർ ഇആർടി റിപ്പോർട്ട് ചെയ്തു.
“ഇടിയുടെ ആഘാതത്തില്‍ ഉരുക്ക് കഷണങ്ങൾ ചിതറിക്കിടക്കുകയാണ്. രണ്ട് ട്രെയിനുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. പരിഭ്രാന്തരായ യാത്രക്കാർ കോച്ചുകളിൽ നിന്ന് പുറത്തിറങ്ങി കരയുന്നത് കാണാമായിരുന്നു,” അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ഒരു നാട്ടുകാരൻ പറഞ്ഞു.
പരിക്കേറ്റവരുടെ ചികിത്സയിലും മരിച്ചവരെ തിരിച്ചറിയുന്നതിലും സർക്കാർ സഹായം നൽകുമെന്ന് ബുധനാഴ്ച സ്ഥലം സന്ദർശിച്ച ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോറ്റാകിസ് പറഞ്ഞു. “ഈ ദുരന്തത്തിന്റെ കാരണങ്ങൾ ഞങ്ങൾ കണ്ടെത്തുമെന്ന് ഉറപ്പ് നൽകുന്നു. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,” അദ്ദേഹം പറഞ്ഞു.